കൊളത്തൂരപ്പന്‍ ക്ഷേത്രം
September 07 2016കോഴിക്കോട് ജില്ലയിലെ കൊളത്തൂര്‍ ഗ്രാമത്തിലെ കൊളത്തൂരപ്പന്‍ ക്ഷേത്രം ചിരപുരാതനമാണെന്നതിനു ക്ഷേത്രത്തിലെ ശിലാലിഖിതങ്ങള്‍ തന്നെ തെളിവ്. മഹാവിഷ്ണു(നരസിംഹമൂര്‍ത്തി)യാണു മുഖ്യപ്രതിഷ്ഠ. കുറുമ്പ്രനാട്ട് സ്വരൂപത്തിലായിരുന്ന ഈ ക്ഷേത്രം നമ്പൂതിരിമാരുടെ ഉപഗ്രാമക്ഷേത്രമായിരുന്നു എന്നു കരുതപ്പെടുന്നു. ക്ഷേത്രമുറ്റത്തു നാട്ടിയ കരിങ്കല്ഫലകത്തില് 'മരകുലാദിത്യപ്പെരുമാള്ക്കു മുപ്പത്തെട്ടാണ്ടുചെന്ന കാലത്ത്' എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. മനുകുലാദിത്യപ്പെരുമാള് ഭാസ്കര രവിയാണെന്നും വേണാട്ടടികള്‍ ഗോവര്ധനമാര്ത്താണ്ഡനാണെന്നും പിന്നീട് കണ്ടെത്തി. വേണാട്ടടികള്‍ ദര്‍ശനത്തിനെത്തിയിരുന്നു എന്നത് പഴയകാലം മുതല്‍ക്ക് കൊളത്തൂരപ്പന്‍ ക്ഷേത്രത്തിനുള്ള പ്രൗഢി വെളിപ്പെടുത്തുന്നു. മീനത്തിലെ അശ്വതിനക്ഷത്രത്തിനാണു പ്രതിഷ്ഠാദിനം. അന്നു കുളിച്ചാറാട്ടോടെ ഏഴു ദിവസത്തെ ഉല്‍സവം നടന്നുവരുന്നു. കൊളത്തൂരപ്പന്‍ കലാനിലയത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. നിത്യപൂജ, തൃകാലപൂജ, ചുറ്റുവിളക്ക്, ലക്ഷ്മീനാരായണപൂജ, സഹസ്രനാമപുഷ്പാഞ്ജലി എന്നിവയാണു പ്രധാന വഴിപാടുകള്‍. തന്ത്രി: ബ്രഹ്മശ്രീ നാഗത്ത് കാവില്‍ ജയന് നമ്പൂതിരി