കൊല്ലം കോട്ടുക്കലിലെ ഏകശിലാക്ഷേത്രം
May 28 2016കൊല്ലം ജില്ലയിലെ ഇട്ടിവ കോട്ടുക്കലിലെ ഗുഹാക്ഷേത്രം ഒരു പാറയില്‍ കൊത്തിയെടുത്തതാണ്. ശിവലിംഗമാണു മുഖ്യപ്രതിഷ്ഠ. ഗണപതിപ്രതിഷ്ഠയുമുണ്ട്. കിഴക്കോട്ടാണു ദര്‍ശനം. പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ നടത്താനുള്ള ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തെക്കുറിച്ച് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. ശിവന്റെ ഭൂതഗണങ്ങള്‍ ചുമന്നെത്തിച്ച പാറയിലാണു ക്ഷേത്രം നിര്മിക്കപ്പെട്ടതെന്നതാണ് ഇതിലൊന്ന്. ഭൂതഗണങ്ങള്‍ പാറയെത്തിച്ചതായി ഒരു സന്ന്യാസിക്കു സ്വപ്നത്തില്‍ അറിയാന്‍ സാധിക്കുകയും തുടര്‍ന്ന് അദ്ദേഹം ക്ഷേത്രം നിര്‍മിക്കുകയും ചെയ്തുവെന്നും ഈ ഐതിഹ്യപ്രകാരം പറയുന്നു. മറ്റൊരു ഐതിഹ്യമിങ്ങനെ: ശിവഭക്തരായ രണ്ടു ദേവതകള്‍ ക്ഷേത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആകാശത്തിലൂടെ സഞ്ചരിക്കുകയായിരുന്നത്രെ. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ക്ഷേത്രം സ്ഥാപിക്കുകയായിരുന്നത്രെ ഉദ്ദേശ്യം. അവര്‍ കോട്ടുക്കലെത്തിയപ്പോള് കോഴി കൂവി. സൂര്യോദയത്തിനു സമയമായെന്നു തെറ്റിദ്ധരിച്ച് അവിടെ ക്ഷേത്രം സ്ഥാപിച്ചുവത്രെ. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളിലായി രണ്ടു ശിവലിംഗങ്ങള്‍ പീഠത്തില്‍ സ്ഥാപിച്ചിരിക്കുകയാണ്. വാതിലുകളും ഒറ്റപ്പാറയില്‍ കൊത്തിയെടുത്തതാണ്. മുറികള്‍ക്കു പുറത്തു പാറയില്‍ കൊത്തിയെടുത്തിരിക്കുകയാണു ഗണപതിവിഗ്രഹം. അഷ്ടകോണില്‍ നിര്‍മിച്ച കല്‍മണ്ഡപവും ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളും ആകര്‍ഷകമാണ്. യന്ത്രസഹായമില്ലാതെ കൈകൊണ്ടു പാറയില്‍ കൊത്തിയെടുത്ത ക്ഷേത്രം ദൃശ്യവിസ്മയമാണ്. എ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണു ക്ഷേത്രം നിര്മിക്കപ്പെട്ടതെന്നാണു ചരിത്രകാരന്മാരുടെ അനുമാനം.