ശ്രീ തുറയില്‍ കാവ് ഭഗവതിക്ഷേത്രം
November 14 2016ഏകദേശം 2000 വര്‍ഷത്തോളം പഴക്കമുള്ള സ്വയം ഭൂദേവീക്ഷേത്രമാണിത്. പത്ത് ഏക്കറോളം വരുന്ന കാനനപ്രദേശത്താണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ത്രേതായുഗത്തില്‍ രാമരാവണ യുദ്ധഭൂമിയിലേക്ക് മൃതസഞ്ജീവനിയുമായി പുറപ്പെട്ട ശ്രീ ഹനുമാന്റെ പക്കല്‍നിന്ന് ഋഷഭാദ്രിയുടെ ശകലം അടര്‍ന്നുവീണ് അഭിവൃദ്ധിപ്പെട്ടതാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായ കോട്ടയെന്നു വിശ്വസിച്ചുപോരുന്നു. ഹനുമല്ചൈതന്യം ഇവിടെ കുടികൊള്ളുന്നുവെന്ന് ദൈവികചിന്തയില്‍ കണ്ടതിനെത്തുടര്‍ന്നാണു പ്രതിഷ്ഠ നടത്തി പൂജ ആരംഭിച്ചത്. പരശുരാമ മഹര്‍ഷിയാണ് ഇവിടെ ഹനുമദ് സാന്നിധ്യമുള്ളതായി കണ്ടെത്തിയതെന്നാണു പരമ്പരാഗത വായ്മൊഴി പ്രകാരം പറഞ്ഞുവരുന്നതും സ്വര്ണപ്രശ്നത്തിലൂടെ വ്യക്തമാക്കപ്പെട്ടതും. ഹനുമദ്പ്രീതിയാല് ഭക്തജനങ്ങള്‍ക്ക് സമ്പത്സമൃദ്ധി, സന്താനകീര്ത്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കുന്നതായാണു വിശ്വാസം. ശ്രീ ഹനുമാന് ക്ഷേത്രസംരക്ഷകനായി പടിഞ്ഞാറ് അഭിമുഖമായി നില്ക്കുന്നു. വാനരനായകന്മാര്‍ കിഴക്ക് അഭിമുഖമായും നില്ക്കുന്നു. ഇവിടെ വളരുന്ന ദിവ്യ ഔഷധികള്‍ മൃതസഞ്ജീവനി കണക്കെ ഔഷധഗുണമുള്ളവയും കോട്ട മരുത്വമാലയ്ക്ക് തുല്യം ശ്രേഷ്ഠവും വിശിഷ്ടവുമായാണു കരുതിപ്പോരുന്നത്. ഔഷധികള്‍ക്ക് ഔഷധമായ ചിറയിലെ തീര്‍ഥജലം അമൃതതുല്യവുമത്രേ. കാലാന്തരത്തില്‍ ക്ഷേത്രം മണ്മറഞ്ഞു പോയെങ്കിലും അത്യപൂര്‍വ്വമായ ദേവീചൈതന്യം കൂവ കിളക്കാനെത്തിയ സ്ത്രീയെ നിമിത്തമാക്കി സ്വയം ഭൂവായി പുനരാവിര്‍ഭവിച്ചു. പോര്‍ളാതിരി രാജാവിന്റെ പടനായകരില് പ്രധാനിയായ കുറിയേരി കോലിയേടത്ത് നായന്മാരുടെ തറവാട്ടിലെ ഒരു വയോധിക ഒരിക്കല്‍ ഈ സ്ഥലത്തുവന്നു കൂവ കിളച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണിയായുധം തട്ടി സ്വംഭൂവില്നിന്നു രക്തം വാര്‍ന്നൊലിച്ചു. പരിഭ്രാന്തയായ അവര്‍ വിവരം അടുത്തുള്ള കൊളായി ഭട്ടതിരിപ്പാടിനെ അറിയിച്ചു. ദേവചൈതന്യമുള്ള ശിലയായതിനാലാണു രക്തം പൊടിഞ്ഞതെന്നു തിരിച്ചറിഞ്ഞ ഭട്ടതിരിപ്പാട് രക്തം പൊടിഞ്ഞ ഭാഗത്തു മഞ്ഞള്‍ പൂശുകയും വിധിപ്രകാരം പൂജചെയ്തു കൂവപ്പായസം നിവേദിക്കുകയും ചെയ്തു. ദേവീചൈതന്യം തുറക്കപ്പെട്ട സ്ഥലമെന്ന അര്‍ഥത്തിലാണു തുറയില്‍ കാവ് ദേവി ക്ഷേത്രമെന്ന പേരു വന്നതെന്നും ഐതിഹ്യം പറയുന്നു. ക്ഷേത്രത്തിലെ അലൗകികമായ അന്തരീക്ഷം, മേല്പ്പുരയില്ലാത്ത ശ്രീകോവില്‍, വര്‍ഷാവര്‍ഷം പ്രളയജലത്തില്‍ ശ്രീകോവിലടക്കം മുക്കിയുള്ള ദേവിയുടെ ആറാട്ട്, തുള്ളിച്ചാടി നടക്കുന്ന വാനരവൃന്ദം, പവിത്ര തീര്ഥച്ചിറ, കൂവപ്പായസ നിവേദ്യം എന്നിവയൊക്കെ ഐതിഹ്യത്തെ ശരിവെക്കുന്നു. പ്രധാന ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ഉപദേവനായ വേട്ടക്കരന് കുടികൊള്ളുന്നു. തുറയില്‍ കാവ് ക്ഷേത്രത്തില്‍ ക്ഷേത്രാചാരത്തോടെ എത്തി പൂജാദിവഴിപാടുകള് നടത്തി അകമഴിഞ്ഞ് പ്രാര്‍ഥിച്ച് ഭണ്ഡാരവും ചാര്‍ത്തുന്ന ഭക്തര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും കൈവരിക്കുന്നതായാണ് അനുഭവം. അനസൂയ ദേവിയെ സമീപിക്കുന്ന മൂന്ന് ദേവിമാരുടെ സങ്കല്‍പ്പമാണ് ഇവിടെ കുടികൊള്ളുന്നത്. സന്താനലാഭം, മംഗല്യഭാഗ്യം, വിദ്യാഗുണം തുടങ്ങി ഭക്തരുടെ എല്ലാ അഭീഷ്ടകാര്യങ്ങളും ദേവീകാരുണ്യത്താല് കൈവരുന്നതായും ഭക്തരുടെ അനുഭവങ്ങളില്‍നിന്നു വ്യക്തമാകുന്നു.