ചില സമയത്തു നമുക്ക് ഔന്നത്യത്തില്നിന്നുകൊണ്ട് കാര്യങ്ങള്‍ നോക്കിക്കാണാന്‍ സാധിക്കും. കുറച്ചു സമയം കഴിയുമ്പോള്‍ മാനസികമായി പടുകുഴിയില്‍ വീണ സ്ഥിതിയിലാകും. എന്തുകൊണ്ടാണു മനസ്സിനെ എല്ലായ്പ്പോഴും ഒരേ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തത്?
മനസ്സിന്റെ രണ്ടു ഭാവങ്ങളെയും മനസ്സിലാക്കാന്‍ കഴിയുന്നു എന്നതു ഗുണകരമായ സൂചനയാണ്. അതു നമ്മുടെ ഔന്നത്യത്വത്തെ വെളിപ്പെടുത്തുന്നു. അതു മഹിമയാണ്. തീര്‍ത്തും കലങ്ങിയ ഭാവമായിരുന്നു മനസ്സിനെങ്കില് നമുക്കു മനസ്സിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. മനസ്സിന് അഞ്ചു ഭൂമികകള്‍ അഥവാ അവസ്ഥകള്‍ ഉണ്ട്. ഇതില്‍ ഒന്നാമത്തേത് ക്ഷിപ്തഭൂമികയാണ്. രണ്ടാമത്തേതു മൂഢമാണ്. മൂന്നാമത്തേതു വിക്ഷിപ്തവും നാലാമത്തേത് ഏകാഗ്രവും ആണ്. അഞ്ചാമത്തേതാകട്ടെ നിരുദ്ധവും. കലങ്ങിമറിഞ്ഞ ജലാശയത്തിന്റെ സ്ഥിതിയെക്കുറിച്ചു സങ്കല്പിക്കുക വഴി ഈ അഞ്ച് അവസ്ഥകളെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയും. വെള്ളം കലങ്ങിയതാണെന്നുപോലും പുറമെനിന്നു നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത സ്ഥിതി സങ്കല്പിക്കുക. കലങ്ങിയതു മനസ്സിലാകണമെങ്കില്പ്പോലും ഇളക്കം അല്പം കുറയണ്ടേ? ഇതുപോലുള്ള മനുഷ്യമനസ്സാണു ക്ഷിപ്തം. ഒന്നിനുപുറകെ ഒന്നായി നിരന്തരം കല്ലുകള്‍ ജലാശയത്തിലേക്ക് എടുത്തിട്ടാല്‍ എന്നതുപോലെ മനസ്സ് ഇളകിമറിയുകയാണ്. അവിടെ ശാന്തിയില്ല; സമാധാനമില്ല. ആ ഭൂമികയിലുള്ള ആള്‍ക്ക് എന്തെങ്കിലും സാധനയോ ജോലിയോ ചെയ്യാന്‍ കഴിയില്ല. ഏതെങ്കിലും ജോലി ചെയ്യാന്‍ ശ്രമിച്ചാല്‍ത്തന്നെ, അതു പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഒരു നിമിഷംപോലും ശാന്തമായി ഇരിക്കാന്‍ സാധിക്കുകയുമില്ല. രണ്ടാമത്തെ ഭൂമിക മൂഢമാണ്. ജലാശയത്തിലെ ചലനം വളരെ കുറഞ്ഞു; എങ്കിലും ഇളകുന്നുണ്ട്. എന്നാല്‍ അടിത്തട്ടു കാണാനാവാത്തവിധം വെള്ളം കലങ്ങിയിരിക്കുകയാണ്. ആ അവസ്ഥയിലുള്ള അന്തഃകരണമുള്ള വ്യക്തിക്കു കായികമായ പല ജോലികളും ചെയ്യാന്‍ കഴിയും. എന്നാല്‍, സ്വന്തം ബുദ്ധിയനുസരിച്ചു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ നിര്ദേശമനുസരിച്ചൊക്കെയേ പറ്റൂ. മൂന്നാമത്തെ ഭൂമികയായ വിക്ഷിപ്തത്തിലായിരിക്കും സമൂഹത്തില്‍ ഭൂരിഭാഗം പേരും. 80 ശതമാനം പേരെങ്കിലും ഈ ഭൂമികയില്‍ ആയിരിക്കും. ശാന്തിയുടെ തരംഗം ഉള്ളില്‍ നിറയും. സമചിത്തത പുലര്‍ത്തും. സൂക്ഷ്മസാധനകളിലേക്കു പ്രവേശിക്കാന്‍ സാധിക്കും. എല്ലാത്തിനെയും വിവേകത്തോടെ സമീപിക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാള്‍, കുറച്ചു കഴിയുമ്പോള്‍ എല്ലാം കലങ്ങിമറിയും. വിവേകമോ ശാന്തിയോ ഒന്നുംതന്നെ ഉണ്ടാവില്ല. ഈ വിധത്തില്‍ തിളച്ചുമറിഞ്ഞ് ആകെ കലങ്ങി ക്ഷിപ്തഭൂമിക പോലയാകും. പിന്നെയും പതുക്കെപ്പതുക്കെ ശാന്തമാകും. വീണ്ടും ഉന്നതമായ ചിന്തകള്‍ ഉണ്ടാകും. കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയും. വിവേകത്തിനു പ്രാധാന്യം കല്പിക്കാന് സാധിക്കും. എന്നാല്‍, കുറച്ചു കഴിയുമ്പോള്‍ വീണ്ടും കലങ്ങും. ഇങ്ങനെ ആവര്ത്തിക്കപ്പെടുന്നതാണു വിക്ഷിപ്തഭൂമിക. ഈ അവസ്ഥയില്‍ കര്‍മങ്ങള്‍, ആരാധനാക്രമങ്ങള്‍, ഉപാസനകള്‍ തുടങ്ങിയവ പാലിക്കാന്‍ സാധിക്കുമെന്നു മാത്രമല്ല, സൂക്ഷ്മസാധനകള്‍ അനുഷ്ഠിക്കാനും കഴിയും. അതുപക്ഷേ, മനസ്സ് പ്രശാന്തമായിരിക്കുമ്പോള്‍ മാത്രം. പിന്നെയും മനസ്സു പ്രക്ഷുബ്ധമാകുമെങ്കിലും ശാന്തമായ വേളകളില്‍ അനുഷ്ഠിക്കുന്ന സാധനകളുടെ ഫലമായി നമ്മിലെ സാധനാസംസ്കാരം വളരും. അതിനനുസരിച്ചു പ്രക്ഷുബ്ധാവസ്ഥ കുറഞ്ഞുവരും. അതു കുറയുന്നതിനനുസരിച്ചു കൂടുതല്‍ സാധനകള്‍ അനുഷ്ഠിക്കാന്‍ സാധിക്കുകയും ചെയ്യും. സാധനകള്‍ അനുഷ്ഠിക്കപ്പെടുന്നതിനനുസരിച്ചു പ്രശാന്തത വര്‍ധിക്കും. പരസ്പരപൂരകമായി പ്രശാന്തമായ തലത്തിലേക്ക് ഉയരാന്‍ സാധിക്കും. ഈ വിധത്തില്‍ വിക്ഷിപ്ത ഭൂമികയില്‍നിന്നാണ് ഒരാള്‍ ഏകാഗ്രം എന്ന സ്ഥിതിയിലേക്ക് എത്തുന്നത്. ഈ ഘട്ടത്തില്‍ സൂക്ഷ്മമായ ശാസ്ത്രചിന്തകളിലേക്കു കടക്കാന്‍ സാധിക്കുന്നു. വേദാന്തശ്രവണം നടത്താന്‍ യോഗ്യത നേടുന്നു. മനനവും നടത്താം. തന്റെ നിയന്ത്രണത്തിലാണു മനസ്സും ബുദ്ധിയുമെല്ലാം എന്ന സ്ഥിതി സംജാതമാകുന്നു. എല്ലാ മഹിമകളും നിറഞ്ഞതാണ് ഏകാഗ്രഭൂമികയെങ്കിലും നാം ജീവിതത്തില്‍ അനുഷ്ഠിക്കുന്ന സാധനകളുടെ ഫലമായിട്ടാണ് ഇത്തരമൊരു വ്യക്തിയില്‍ ഏകാഗ്രത നിലനില്‍ക്കുന്നത്. വലിയ കുത്തുകാലില്‍ പിടിപ്പിച്ച വിളക്കു പോലെയാണ്. കുത്തുകാല് മാറ്റിയാല്‍ വിളക്കു താഴെ വീഴും. ഇതുപോലെ സാധനകള്‍ അനുഷ്ഠിക്കുന്നില്ലെങ്കില്‍ ഏകാഗ്രത നഷ്ടപ്പെടും. വിക്ഷിപ്തഭൂമികയിലേക്കു പതിക്കും. എന്നാല്‍, ഏകാഗ്രഭൂമികയില് ഇരുന്നു സൂക്ഷ്മസാധനകള്‍ തുടര്‍ന്നാല്‍ സമാഹിതമായ സ്ഥിതിയിലേക്ക് എത്തിച്ചേരും. അതാണു നിരുദ്ധസ്ഥിതി. ഈ സ്ഥിതിയിലെത്തിയാല്‍ വീഴ്ചയില്ല. മൂന്നാമത്തെ ഭൂമികയിലാണു നാം എന്നത് ഒരു ന്യൂനതയാണ് എന്നു കരുതരുത്. സമൂഹത്തില്‍ ഭൂരിഭാഗവും ഈ സ്ഥിതിയിലാണല്ലോ. എപ്പോഴൊക്കെ മനസ്സിന്റെ പ്രശാന്ത ഭാവം നിലനില്ക്കുന്നുവോ, അപ്പോഴൊക്കെ സല്‍കര്‍മങ്ങള്‍ ചെയ്യണം. കഷ്ടപ്പെടുന്നവരെ ആവുംവിധം സേവിക്കാം. ഇഷ്ടമുള്ള നാമങ്ങള്‍ ജപിക്കാം. യമനിയമങ്ങള്‍ പാലിച്ചുകൊണ്ട് ആസനങ്ങള്‍ ചെയ്യാം. ആകാവുന്ന രീതിയില്‍ ശാസ്ത്രം പഠിക്കാം. അച്ഛനമ്മമാരെയും വൃദ്ധരെയും ശുശ്രൂഷിക്കാം. ഈ രീതിയില്‍ സാധനാ സംസ്കാരം വളര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ മനസ്സു കൂടുതല്‍ ശാന്തമാവുകയും പ്രക്ഷുബ്ധാവസ്ഥ കുറഞ്ഞുവരികയും ചെയ്യും. കാരണം, നമ്മുടെ മനസ്സിനെ ശാന്തമാക്കുന്നതും അശാന്തമാക്കുന്നതും നാം തന്നെയാണ്. അത്യന്തം കരുത്തുള്ള ആനയെ നാം മെരുക്കുന്നില്ലേ? അത്യധികം ചപലനായ കുരങ്ങനെ നാം മെരുക്കുന്നില്ലേ? ഇതൊക്കെ സാധിക്കുമെങ്കില്‍ മനസ്സിനെയും മെരുക്കാന്‍ കഴിയും. എന്നാല്‍, അതിന് അഭ്യാസം ആവശ്യമാണ്. ആവര്‍ത്തിച്ചുള്ള പരിശ്രമവും നിശ്ചയദാര്‍ഢ്യവും മടികൂടാതെയുള്ള സാധനാക്രമവും വഴി മനസ്സിനെ വരുതിയിലാക്കാന്‍ ആര്‍ക്കും സാധിക്കും. അതിനുള്ള വഴികളാകട്ടെ, ശാസ്ത്രങ്ങളിലൂടെ ആചാര്യന്മാര് പകര്ന്നുനല്കിയിട്ടുണ്ട്. ഭഗവദ്ഗീതയില്‍ അര്ജുനന് വലിയ പ്രശ്നം ശ്രീകൃഷ്ണന്റെ മുന്നില്‍ അവതരിപ്പിച്ചു. ഭഗവാനേ, അങ്ങ് ഉപദേശിച്ച ഈ യോഗം അനുഷ്ഠിക്കാന്‍ വളരെ ബുദ്ധിമുട്ടാണല്ലോ എന്ന് അര്ജുനന് പരാതിപ്പെട്ടു. മനസ്സിനെ നിയന്ത്രിക്കുകയെന്നതു കൊടുങ്കാറ്റിനെ കെട്ടിയിടുക എന്നതുപോലെയാണെന്നും പറഞ്ഞു. ഭഗവാന് നല്കിയ മറുപടി അര്‍ജുനാ നീ പറഞ്ഞതു വളരെ ശരിയാണ് എന്നാണ്. മനസ്സിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്; എന്നാല്‍ സാധിക്കുമെന്നു ശ്രീകൃഷ്ണന് ഉപദേശിച്ചു. അതിനുള്ള ഉപായങ്ങളാണ് അഭ്യാസവും വൈരാഗ്യവും. വൈരാഗ്യമെന്നാല് വിവേകം ചെയ്യുക എന്നാണ്. ആവര്‍ത്തിച്ചുള്ള പരിശ്രമമാണ് അഭ്യാസം.