കശ്മീരില്‍ നിക്ഷേപം നടത്താന്‍ ദുബായ് ഭരണകൂടം
October 19 2021
ന്യൂഡല്‍ഹി: കശ്മീരില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി ദുബായ് ഭരണകൂടം. അടിസ്ഥാന സൗകര്യ നിര്‍മാണങ്ങള്‍ക്കാണ് ദുബായ് ഭരണകൂടവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയത്. വ്യവസായ പാര്‍ക്കുകള്‍, ഐ.ടി ടവറുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, മെഡിക്കല്‍ കോളജ്, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ സൗകര്യങ്ങള്‍ കരാറിന്റെ ഭാഗമാണെന്ന് കേന്ദ്രം അറിയിച്ചു. കരാര്‍ തുകയെത്ര എന്നു കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനു ശേഷം ആദ്യമായാണ് ഒരു വിദേശ ഭരണകൂടം കശ്മീരില്‍ നിക്ഷേപം നടത്താന്‍ കരാറിലേര്‍പ്പെടുന്നത്. പുതിയ നിക്ഷേപങ്ങള്‍ ജമ്മുകശ്മീരിനെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പ്രസ്താവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പുതിയ പദ്ധതികല്‍ വ്യവസായവല്‍ക്കരണത്തിനും വികസനത്തിനും സാഹചര്യമൊരുക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.