News

ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരം ജാഗ്രതയില്‍

മാങ്കുളം: ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് റെഡ് അലര്‍ട്ട് പരിധി പിന്നിട്ടതോടെയാണു ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. 2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. നിലവില്‍ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ജലനിരപ്പ് ആ അളവില്‍ നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ റെഡ് അലര്‍ട്ട് കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണം. രാവിലെ 11ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്ന് സെക്കന്റില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങുകയും മൂന്നാമത്തെ സെറണ്‍ മുഴങ്ങിയപ്പോള്‍ ഷട്ടര്‍ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുകയായിരുന്നു. ഡാമിന്റെ 2, 3, 4 ഷട്ടറുകളാണു തുറന്നത്. ഡാം തുറക്കുന്നതിനു മുന്നോടിയായി വെള്ളപ്പാറയിലുള്ള ഡി.ടി.പി.സി ഗസ്റ്റ്ഹൗസില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. റൂള്‍ കര്‍വ് അനുസരിച്ചാണ് ഡാം തുറന്നതെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവു കുറയുമെന്നും മൂലമറ്റത്തെ ജറേറ്ററുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.
.

Back to Top