News

മഴ പിന്നെയും കനക്കുന്നു; 2018ലെ സാഹചര്യം

തിരുവനന്തപുരം: കേരളം വീണ്ടും വന്‍ വെള്ളപ്പൊക്കത്തിലേക്ക് ഒഴുകിവീഴുന്നു. 2018ല്‍ ഉണ്ടായ രീതിയിലുള്ള വെള്ളപ്പൊക്കം ഉണ്ടാവാമെന്ന ആശങ്ക വളര്‍ന്നിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ച ഉച്ചകഴിഞ്ഞിട്ടും തോര്‍ന്നില്ല. തെക്കന്‍ കേരളം മഴയിലാണ്ടതോടെ ജീവഹാനിയും മറ്റ് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങി. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ 12 പേരെ കാണാതായി. ഇതില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നുമുണ്ട്. മൂന്നു വീടുകള്‍ ഒലിച്ചുപോയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലയിലാണു മഴ ഏറ്റവും ശക്തം. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് ഏകദേശ കണക്ക്. കിഴക്കന്‍ പ്രദേശങ്ങളായ ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പമ്പാ ത്രിവേണി ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇവിടെ മഴ വര്‍ധിക്കുന്നതു ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെടെ വെള്ളപ്പൊക്കം വര്‍ധിക്കാനിടയാക്കി. ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. തൃശൂര്‍ ചാലക്കുടിയില്‍ ലഘു മേഘവിസ്ഫോടനമുണ്ടായി. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍ പെട്ടു പെണ്‍കുട്ടി മരിച്ചു. കാറില്‍ കൂടെ ഉണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഒരാള്‍കൂടി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു സൂചന. പലയിടങ്ങളിലും വീടുകള്‍ ഒറ്റപ്പെടുകയോ വാഹനങ്ങള്‍ മുങ്ങിപ്പോവുകയോ ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം-എരുമേലി റോഡിനു സമീപത്തുള്ള വീടുകള്‍ മുങ്ങി. വീടുകളുടെ ഒന്നാം നില പൂര്‍ണമായും മുങ്ങിയതോടെ താമസക്കാര്‍ മുകള്‍നിലയില്‍ അഭയംതേടിയിരിക്കുകയാണ്. ചുറ്റും വെള്ളം നിറഞ്ഞു ബാഹ്യ ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്തവരെ സൈന്യത്തിന്റെ സഹായത്തോടെ എയര്‍ ലിഫ്റ്റിങ് വഴി രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഗാരിജ് പൂര്‍ണമായും മുങ്ങിയ നിലയിലാണ്. പൂഞ്ഞാറില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് മുങ്ങി. വെള്ളക്കെട്ടു മറികടക്കാന്‍ ശ്രമിക്കവേ ബസ് വെള്ളത്തില്‍ ആണ്ടുപോവുകയായിരുന്നു. യാത്രക്കാരെ നാട്ടുകാര്‍ വെള്ളക്കെട്ടില്‍നിന്നു പുറത്തെത്തിച്ചു.
മലമ്പുഴ ഉള്‍പ്പെടെ ചില ഡാമുകള്‍ തുറന്നു. പലയിടത്തും ഡാമുകളുടെ ഷട്ടറുകള്‍ ഭാഗികമായി ഉയര്‍ത്തിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടെങ്കിലും ഡാമുകള്‍ തുറക്കാറായിട്ടില്ല എന്നാണ് പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന വിദഗ്ധരുടെ യോഗം തീരുമാനിച്ചത്. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറവാണെന്നു യോഗം വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൂടാതെ സൈന്യത്തിന്റെ ഓരോ ടീമുകളെ തിരുവനന്തപുരത്തും കോട്ടയത്തും വിന്യസിക്കാന്‍ നിര്‍ദേശിച്ചു. ഡി.എസ്.സിയുടെ ഓരോ ടീമിനെ കണ്ണൂരിലും കോഴിക്കോട്ടും വിന്യസിക്കാനും നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ എയര്‍ഫോഴ്‌സിനു നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായും വ്യക്തമാക്കി. ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുമായും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായും ചേര്‍ന്ന് പോലീസ് സംവിധാനം പ്രവര്‍ത്തിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവികളോട് നിര്‍ദേശിച്ചതായും മു്ഖ്യമന്ത്രി വിശദീകരിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഏത് സമയവും 112 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇടിയോടു കൂടിയ വന്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുമുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 24 മണിക്കൂര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
 
 
.

Back to Top