News

ഇത്തവണയും അന്‍വര്‍ സഭയില്‍ എത്തിയില്ല; നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന പി.വി അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടു പ്രതിപക്ഷം രംഗത്ത്. ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ചു പോകുന്നതാണ് അന്‍വറിന് ഉത്തമമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പ് മാസങ്ങളായി അന്‍വര്‍ സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും സ്ഥലത്തില്ല. ഇങ്ങനെയാണെങ്കില്‍ രാജിവെച്ചു പോകുന്നതാണ് നല്ലത്. ബിസിനസ് ചെയ്യാനാണു പോകുന്നതെങ്കില്‍ എം.എല്‍.എ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.
പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ഉണ്ടായിരുന്നത്. ഒന്നാം സമ്മേളനത്തില്‍ അന്‍വര്‍ പങ്കെടുത്തത് അഞ്ച് ദിവസം മാത്രം. രണ്ടാം സമ്മേളനത്തില്‍ ഒരു ദിവസം പോലും പങ്കെടുത്തില്ല. നടപ്പുസമ്മേളനത്തില്‍ ഇതുവരെ എത്തിയില്ല.  അവധി അപേക്ഷ നല്‍കാതെയാണ് അന്‍വര്‍ സഭയില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. എല്‍.ഡി.എഫും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാടു വ്യക്താക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണു മാറിനില്‍ക്കുന്നതെങ്കില്‍ മനസ്സിലാക്കാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. സതീശന്‍ സഭയില്‍ ഉന്നയിച്ച ആവശ്യത്തോട് വിഡിയോ സന്ദേശത്തിലൂടെ അന്‍വര്‍ പ്രതികരിച്ചു. സഭയില്‍ എപ്പോള്‍ വരണമെന്നു തനിക്കു വ്യക്തമായി അറിയാമെന്നാണു വിശദീകരണം.
ഭരണഘടനയുടെ 194 പ്രകാരം 60 ദിവസം തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നാല്‍ എം.എല്‍.എയെ അയോഗ്യനാക്കാന്‍ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. വിട്ടുനില്‍ക്കല്‍ വിവാദമായിരിക്കെ ഈ മാസം പതിനഞ്ചോടെ എം.എല്‍.എ നാട്ടിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
.

Back to Top