News

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരീക്ഷ നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്‍മേലാണു കോടതി ഉത്തരവിറക്കിയത്. ഏഴു ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയതു പരാമര്‍ശിച്ചുകൊണ്ടാണ് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളിയത്. നീറ്റിനു പുറമെ സാങ്കേതിക സര്‍വകലാശാല ഓഫ്‌ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേര്‍ എഴുതിയിരുന്നുവെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാജ്യത്തു കോവിഡ് മൂന്നാം തരംഗത്തിന്റ സാധ്യത ഉടനില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. പ്രശാന്ത് പദ്മനാഭനും സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ.ശശിയുമാണ് ഹാജരായത്.
 
.

Back to Top