News

സമാന്തര എക്‌സ്‌ചേഞ്ച്: മലപ്പുറത്തു പിടിയിലായ പ്രതിയുടെ അക്കൗണ്ടിലേക്കു പണമെത്തിയതായി കണ്ടെത്തി

മലപ്പുറം: സമാന്തര എക്‌സ്‌ചേഞ്ച് നടത്തിപ്പില്‍ പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലേക്കു വിദേശത്തുനിന്നു മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി പണമെത്തിയതായി കണ്ടെത്തി. രണ്ട് ബാങ്ക് അക്കൗണ്ടുകളാണു പ്രതിക്കുള്ളത്. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതായുള്ള സ്ഥിരീകരണമുണ്ട്. അവസാനമായി വന്നത് 28000 രൂപയാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന സമാന്തര എക്‌സ്‌ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും രാജ്യ വിരുദ്ധ പ്രവര്‍ത്തനം, ഹവാല പണമിടപാടുകള്‍, ലഹരിക്കടത്ത് എന്നിവയ്ക്ക് ഇത് ഉപയോഗിച്ചിരിക്കാമെന്ന സംശയത്തിലാണെന്നും പോലീസ് പറയുന്നു. പാലക്കാട്ടെ സമാന്തര എക്‌സ്‌ചേഞ്ചിലേക്ക് ആവശ്യമായ സിം കാര്‍ഡുകള്‍ എത്തിച്ചത് ബെംഗളൂരുവില്‍ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. 
8 സിമ്മുകളാണ് പാലക്കാടുനിന്നു കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും കണ്ടെത്തി. കോളുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. ഇതിനിടെ പാലക്കാട്ടെ സമാന്തര എക്‌സ്‌ചേഞ്ചില്‍നിന്നു ലഘുലേഖ കിട്ടിയെന്ന പ്രചരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
 
.

Back to Top