Sanathanam

കൊല്ലപ്പെടുംവരെ ക്ഷേത്രം വിടില്ലെന്ന് കാബൂളില്‍ പൂജാരി

ലോകത്തെ ഞെട്ടിക്കുന്ന പല വാര്‍ത്തകളും ദൃശ്യങ്ങളുമാണ് അഫ്ഗാനിസ്ഥാനില്‍ അനുനിമിഷം പിറവിയെടുക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ വഴിതേടുന്ന വലിയ വിഭാഗം ജനങ്ങള്‍, എല്ലാ അര്‍ഥത്തിലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട സമൂഹം, സ്വശരീരം ഭീകരവാദികളുടെ കാമവെറിയില്‍നിന്നു കാത്തുസൂക്ഷിക്കാന്‍ വഴിതേടുന്ന സ്ത്രീകളും പെണ്‍കുട്ടികളും, മരവിപ്പു ബാധിച്ചു ഭരണ ചക്രം തിരിക്കാതെയിരിക്കുന്ന ഉദ്യോഗസ്ഥര്‍- തുടങ്ങിയ കാഴ്ചകള്‍ ദിവസങ്ങളായി ലോകത്തിലെങ്ങും മനുഷ്യരുടെ കണ്ണുകളില്‍ നിറയുകയാണ്. ഇത്തരം കാഴ്ചകള്‍ക്കിടയില്‍ വേറിട്ട കാഴ്ചയാവുകയാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഒരു ക്ഷേത്ര പൂജകന്‍. രത്തന്‍നാഥ് ക്ഷേത്ര പൂജാരി രജീഷ് കുമാറിന്റെ ഫോട്ടോയും വാക്കുകളും വൈറലായിക്കഴിഞ്ഞു. താലിബാന്റെ ഇരച്ചുകയറ്റത്തില്‍ ആദ്യം തകര്‍ക്കപ്പെടുക ഇസ്ലാം മതമല്ലാതെയുള്ള മതങ്ങളുടെ ആരാധനലായങ്ങളാണ്. അത്തരം കേന്ദ്രങ്ങളിലെ പുരോഹിതരും സഹായുകളും ബന്ധുക്കളുമൊക്കെ ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ്. ഈ സൂചന താലിബാന്‍ കാബൂളില്‍ എത്തുന്നതിനു മുന്‍പു തന്നെ രജീഷ് കുമാറിനു വേണ്ടുവോളം ലഭിച്ചിരുന്നു. തല്‍ക്കാലത്തേക്കെങ്കിലും അഫ്ഗാനിസ്ഥാനില്‍നിന്നു മാറിനില്‍ക്കാന്‍ പലരും ഉപദേശിക്കുകയും ചെയ്തു. എല്ലാവരോടും രജീഷ് കുമാര്‍ ഒന്നേ പറഞ്ഞുള്ളൂ: ഈ അമ്പലം ഉപേക്ഷിച്ചു ഞാന്‍ പോകില്ല. രജീഷിന്റെ വാക്കുകള്‍ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്: 'ചിലര്‍ കാബൂള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും യാത്രയ്ക്കും സുരക്ഷിതമായ സ്ഥലത്ത് താമസത്തിനുമുള്ള സൗകര്യം ഒരുക്കാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, എന്റെ പൂര്‍വികര്‍ നൂറുകണക്കിനു വര്‍ഷങ്ങള്‍ സേവിച്ച ക്ഷേത്രമാണിത്. ഒരു കാരണവശാലും ഇവിടം ഉപേക്ഷിച്ചു ഞാന്‍ പോകില്ല. താലിബാന്‍ കൊലപ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ അത് എന്റെ കര്‍മം നിര്‍വഹിക്കുന്നതിനിടെ സംഭവിച്ചതായി കരുതും.'
ഉറച്ച ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രതീകമായാണു ലോക മാധ്യമങ്ങള്‍ രജീഷ് കുമാറിനെ പരിചയപ്പെടുത്തുന്നത്. കാബൂള്‍ വിടേണ്ടെന്ന തീരുമാനം ഇദ്ദേഹം കൈക്കൊണ്ടതു പെട്ടെന്നല്ല. ഏതാനും ദിവസങ്ങളിലായി പല വഴിക്കു എത്രയോ പേര്‍ അഫ്ഗാനിസ്ഥാന്‍ വിട്ടപ്പോഴും പോകാന്‍ ശ്രമിക്കാതിരുന്നതു മുന്‍കൂട്ടി കൈക്കൊണ്ട തീരുമാനത്തെത്തുടര്‍ന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വെടിയൊച്ചകളും താലിബാന്‍ ഭീകരരുടെ നഗരം ചുറ്റലുമൊക്കെ നടക്കുമ്പോഴും മറ്റു ചിന്തകളൊന്നുമില്ലാതെ ക്ഷേത്രകാര്യങ്ങളില്‍ വ്യാപൃതനാണ് രജീഷ് കുമാറെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
രജീഷ് ക്ഷേത്രമൊരുക്കുന്നതും ഒരു പെണ്‍കുട്ടി തൊഴുന്നതുമായ ചിത്രമാണ് ഈ ക്ഷേത്രത്തിലെയും പൂജകന്റെയും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടു സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം പങ്കുവെക്കപ്പെടുന്നത്. ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും ക്ഷേത്ര കാര്യങ്ങളില്‍ ഒട്ടും വീഴ്ച സംഭവിക്കാതിരിക്കാന്‍ രജീഷ് കുമാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പരമാവധി സമയം ക്ഷേത്രത്തില്‍ ചെലവിടുകയാണ് അദ്ദേഹം. 
താലിബാനെ ഭയന്ന് ഇസ്ലാം മതത്തിലേത് ഉള്‍പ്പെടെയുള്ള പുരോഹിതര്‍ മിക്കവരും അഫ്ഗാനിസ്ഥാന്‍ വിടുകയോ ഒളിവില്‍ പോവുകയോ ചെയ്തു. അപ്പോഴും ഭീകരവാദികള്‍ ഏറ്റവും കൂടുതല്‍ തമ്പടിച്ചിരിക്കുന്ന കേന്ദ്രങ്ങളിലൊന്നായ തലസ്ഥാനത്തു നിര്‍ഭയനായി, കര്‍മനിരതനായി തുടരുകയാണ് രജീഷ് കുമാര്‍.
 
.

Back to Top