ഓലയൊരുക്കുന്ന വൈദ്യുതി വിപ്ലവം
August 18 2021
ഭാരതം ഒരു വിപ്ലവത്തിന് ഒരുങ്ങുകയാണ്, ജൈവ ഇന്ധനങ്ങളില്‍നിന്ന് വൈദ്യുതി ഇന്ധനത്തിലേക്കുള്ള കുതിപ്പിന്. അതിനു തുടക്കമിട്ടതു മറ്റു പല വാഹന നിര്‍മാണ കമ്പനികളുമാണെങ്കിലും ഇപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ 'ഓല'യാണ്. വാഹന ഗതാഗത രംഗത്ത് ഒരു വിപ്ലവ സാന്നിധ്യമാണ് 'ഓല'. രാജ്യത്തങ്ങോളമിങ്ങോളം ഡിജിറ്റല്‍ കണക്റ്റിവിറ്റി, യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്ന സ്വപ്നം മാത്രമാണ്. എന്നാല്‍, ഇതിനും എത്രയോ മുന്‍പേ ഫലപ്രദമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് യാഥാര്‍ഥ്യമാക്കി, ഓല. അതോടെ, ഗതാഗതച്ചെലവു ഗണ്യമായി കുറയുകയും ചെയ്തു. ഇന്ധനച്ചെലവ് കുറഞ്ഞു; മലിനീകരണം താഴ്ന്നു. ഓലയിനി മറ്റൊരു വിപ്ലവത്തിന് ഇറങ്ങുകയാണ്. വൈദ്യതിക്കു പിറകെ ഓടുകയാണ് ഓല, വിപ്ലവം സാധ്യമാക്കാന്‍. ഒരു ദിവസംകൊണ്ടല്ല; എങ്കിലും അധിക കാലം എടുത്തുമില്ല, ഓലയുടെ സ്വപ്നം പൂവണിയാന്‍. അതിനു പിന്നില്‍ എത്രത്തോളം ആസൂത്രണമുണ്ട് എന്നറിയുമ്പോഴാണു കൗതുകം വര്‍ധിക്കുക.
2017ല്‍ ഓല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് റജിസ്റ്റര്‍ ചെയ്തു വൈദ്യുതി വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, അതിനിടെ ഇ ടെര്ഗോ എന്ന ആംസ്റ്റര്‍ഡാം കമ്പനിയെ ഓല ഏറ്റെടുത്തു. 2018ല്‍ ആപ് സ്കൂട്ടര്‍ എന്ന ഇലക്ട്രിക് സ്കൂട്ടര്‍ ഇറക്കിയ കമ്പനിയാണ് ഇ ടെര്ഗോ. അത് ലോകം ശ്രദ്ധിക്കുന്ന ഇരുചക്ര വാഹനമായി. എന്നാല്‍, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇടെര്ഗോയ്ക്കു മുന്നോട്ടു പോകുന്നതിനു സാമ്പത്തിക തടസ്സങ്ങളുണ്ടായി. അപ്പോഴാണ് ഓലയുടെ രംഗപ്രവേശം. 2020 മേയില്‍ 10 കോടി ഡോളറിനാണ് ഇ ടെര്ഗോയെ ഓല ഏറ്റെടുത്തത്. ഇടെര്ഗോയുടെ ആപ് സ്കൂട്ടറാണ് ഇപ്പോള്‍ ഓല ഇലക്ട്രിക് സ്കൂട്ടറായി പുറത്തിറങ്ങുന്നത്.
ഇലക്ട്രിക് സ്കൂട്ടര്‍ ബിസിനസ് ചെറിയ സംരംഭമായല്ല ഓല കാണുന്നത് എന്നു വ്യക്തം. 2400 കോടി രൂപ മുതല്‍മുടക്കിയാണ് ഫാക്ടറി നിര്‍മിക്കുന്നത്. തമിഴ്നാട്ടില്‍ കൃഷ്ണ ഗിരിക്കടുത്താണു നൂതനവും വ്യത്യസ്തവുമായ ഫാക്ടറി. 500 ഏക്കറില്‍ പരന്നുകിടക്കുന്ന ഫാക്ടറി സമുച്ചയം. അതില്‍ 100 ഏക്കര്‍ കാര്‍ബണ്‍ നെഗറ്റീവാക്കുന്നതിനു വനവല്‍ക്കരണത്തിനായി മാറ്റിവെക്കും. ഫാക്ടറിക്കകത്തു തന്നെ രണ്ടേക്കര്‍ കാടു വളര്‍ത്തും. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ കേന്ദ്രമായിരിക്കും ഓലയുടേത്. വര്‍ഷം ഒരു കോടി സ്കൂട്ടര്‍ നിര്‍മിക്കാനുള്ള ശേഷിയാണു ലക്ഷ്യം. പതിനായിരം തൊഴിലവസരങ്ങള്‍ ഉണ്ടാവും. മനുഷ്യര്‍ക്കൊപ്പം 3500 റോബോട്ടുകളും ജോലി ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണ് ഓല ഫാക്ടറിയുടെ പ്രവര്‍ത്തനം. ആറു മാസം കൊണ്ട് ഫാക്ടറിയുട ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. ഇനിയെല്ലാം കണ്ണടച്ച് തുറക്കുമ്പോഴേക്കും എന്നാണ് ഓല സി.ഇ.ഒ. ഭവിഷ് അഗര്‍വാള്‍ വിശദീകരിക്കുന്നത്.