News

ലോക്ക്ഡൗണ്‍ ലംഘനം ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ച സംഭവം: രമ്യഹരിദാസും വി.ടി ബല്‍റാമും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ കേസ്

പാലക്കാട്: ലോക്ക്ഡൗണ്‍ ലംഘനം ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രമ്യ ഹരിദാസ് എം.പി, മുന്‍ എം.എല്‍.എ വി.ടി ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ കസബാ പോലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് വിവാദ സംഭവം അരങ്ങേറിയത്.
രമ്യ ഹരിദാസ് ഉള്‍പ്പെട്ട സംഘം പാലക്കാട് നഗരത്തിനു സമീപമുള്ള ഹോട്ടലില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ഭക്ഷണം കഴിക്കാനെത്തുകയും അതിന്റെ ദൃശ്യങ്ങള്‍ മര്‍ദനത്തിനിരയായ യൂട്യൂബര്‍ കൂടിയായ യുവാവു പുറത്തുവിടുകയുമായിരുന്നു എന്നാണു റിപ്പോര്‍ട്ട്. രമ്യാ ഹരിദാസ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ യുവാവു ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടു കൂടി രമ്യാ ഹരിദാസും സംഘവും യുവാവിനെതിരെ തിരിയുകയും മര്‍ദിക്കുകയും ചെയ്തതായാണു പരാതി. സംഭവത്തെത്തുടര്‍ന്നു യുവാവ് ചികിത്സ തേടി. യുവാവിന്റെയും യുവമോര്‍ച്ച നേതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ ലംഘനത്തിനാണ് എം.പിക്കും സംഘത്തിനുമെതിരേ കോസെടുത്തിരിക്കുന്നത്.
ഭക്ഷണം കഴിക്കാനല്ല, പാഴ്‌സല്‍ വാങ്ങാനാണ് ഹോട്ടലില്‍ എത്തിയതെന്നാണ് രമ്യാ ഹരിദാസിന്റെ വാദം. പാഴ്‌സല്‍ വാങ്ങാനെത്തിയ തന്റെ കൈയില്‍ യുവായു കയറിപ്പിടിച്ചെന്നും തുടര്‍ന്നാണു പ്രവര്‍ത്തകര്‍ യുവാവിനോടു പ്രതികരിച്ചതെന്നും രമ്യ പറഞ്ഞിരുന്നു. നേതാക്കളുമായി കൂടിയലോചിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ എം.പിയുടെ ഭാഗത്തുനിന്നു പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന് ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 
.

Back to Top