News

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരുഛ രാജിവെച്ച മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ വലംകയ്യായ മന്ത്രി ബസവരാജ് ബൊമ്മെയെ അടുത്ത കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി. നിശ്ചയിച്ചു. ആഭ്യന്തര മന്ത്രിയും ലിംഗായത്ത് നേതാവുമാണ് ബൊമ്മെ. മുന്‍ മുഖ്യമന്ത്രി എസ്.ആര്‍.ബൊമ്മെയുടെ മകനാണ്. യെദിയൂരപ്പയുമായി ചര്‍ച്ച ചെയ്തശേഷമാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് എന്നാണറിയുന്നത്. ബൊമ്മെക്ക് യദിയൂരപ്പ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ബസവരാജ് ബൊമ്മെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികളായി എത്തിയ കേന്ദ്രമന്ത്രിമാരായ ജി.കിഷന്‍ റെഡ്ഡി, ധര്‍മേന്ദ്ര പ്രധാന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. 
ബി.ജെ.പിയുടെ വോട്ട് ബാങ്കായ ലിംഗായത്ത് വിഭാഗത്തില്‍നിന്നുള്ള യെദിയൂരപ്പയെ മാറ്റുന്നതു ആ സമുദായത്തിന്റെ എതിര്‍പ്പിനു കാരണമാകുമെന്നു സംശയിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അതേ സമുദായത്തില്‍പ്പെട്ട വ്യക്തിയെ മുഖ്യമന്ത്രിയാക്കുന്നത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹുബ്ലി മേഖലയിലെ ലിംഗായത്ത് നേതാവാണ് ബസവരാജമ ബൊമ്മെ. യെദിയൂരപ്പയ്‌ക്കെന്നപോലെ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനും സംഘപരിവാറിനും സ്വീകാര്യനാണ് അദ്ദേഹം. 
വൊക്കലിംഗ സമുദായത്തില്‍ പെട്ട നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. പട്ടികവിഭാഗത്തില്‍നിന്നുള്ള നേതാവിനെയും ഈ പദവിയിലേക്കു പരിഗണിക്കാനിടയുണ്ട്. കേന്ദ്ര മന്ത്രി പ്രല്‍ഹദ് ജോഷി, ഉപമുഖ്യമന്ത്രിമാരായ സി.എന്‍.അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ കര്‍ജോള്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി.എല്‍.സന്തോഷ്, സി.ടി.രവി, മന്ത്രി മുരുഗേഷ് നിറാനി തുടങ്ങി പലരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനം ബസവരാജ് ബൊമ്മെയെ തീരുമാനിക്കുകയായിരുന്നു. പ്രല്‍ഹദ് ജോഷിയോ ബി.എല്‍.സന്തോഷോ മുഖ്യമന്ത്രിയാകില്ല എന്ന സൂചന നേരത്തേ തന്നെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ നല്‍കിയിരുന്നു. നിയമസഭാംഗമായിരിക്കും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 
ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പെട്ടെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനാല്‍ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കുമെന്നാണു സൂചന. അതേസമയം, മന്ത്രിസഭയിലെ എതാനും പേര്‍ കൂടി നാളെ സത്യപ്രതിജ്ഞ ചെയ്യാനും ഇടയുണ്ട്. കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തില്‍നിന്നു കൂറുമാറി എത്തിയവരെയും പുതിയ മന്ത്രിസഭാ രൂപീകരണത്തില്‍ പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ സമ്പൂര്‍ണ മന്ത്രിസഭയുണ്ടാകാന്‍ വൈകും. മഹാവ്യാധിക്കൊപ്പം സംസ്ഥാനം വെള്ളപ്പൊക്ക ദുരിതം കൂടി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കസേര അല്‍പകാലം പോലും ഒഴിച്ചിട്ടുകൂടാ എന്ന ചിന്ത മുന്‍നിര്‍ത്തിയാണ് ബി.ജെ.പി. നടപടിക്രമങ്ങള്‍ അതിവേഗമാക്കിയത്. ബംഗളുരുവിലെ ഹോട്ടലില്‍ നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് ബസവരാജ് ബൊമ്മെ തെരഞ്ഞെടുക്കപ്പെട്ടത്. ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടര്‍ന്നങ്ങോട്ട് പാര്‍ട്ടിയില്‍നിന്ന് സമ്പൂര്‍ണ പിന്തുണ ബൊമ്മെയ്ക്കു കിട്ടുമോ എന്നതാണു ചോദ്യം. ഭരണം മെച്ചപ്പെടുത്തുക വഴി അധികാരം നിലനിര്‍ത്തുക എന്ന ഏക വഴിയാണ് ബി.ജെ.പിക്കു മുന്നിലുള്ളത്. അതില്‍ വിജയിക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് എത്രത്തോളം സാധിക്കും, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഗ്രൂപ്പിനും താല്‍പര്യങ്ങള്‍ക്കും അതീതമായി ബി.ജെ.പിയില്‍നിന്ന് എത്രത്തോളം പിന്‍തുണ ലഭിക്കും തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും ഭരണത്തില്‍ കുതിപ്പുണ്ടാവുക. മുഖ്യമന്ത്രിയെന്ന നിലയില്‍ പിതാവില്‍നിന്നു പകര്‍ന്നുകിട്ടിയ പാഠങ്ങളും മന്ത്രിയെന്ന നിലയിലുള്ള അനുഭവ സമ്പത്തും മികച്ച ഭരണാധികാരിയാകാന്‍ ബൊമ്മെയ്ക്കു വഴിയൊരുക്കുമെന്നു കരുതപ്പെടുന്നു. 
 
.

Back to Top