News

കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്ത്? ചോദ്യമുയര്‍ത്തി കുണ്ടറയിലെ യുവതി

കൊല്ലം: പീഡനക്കേസ് ഒത്തുതീര്‍പ്പു വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കുണ്ടറയിലെ യുവതി. മന്ത്രിപദവിക്കു തന്നെ കളങ്കം വരുത്തിയ ശശീന്ദ്രനൊപ്പം നില്‍ക്കുക വഴി മുഖ്യമന്ത്രി എന്തു സന്ദേശമാണു കേരളത്തിലെ സ്ത്രീസമൂഹത്തിന് നല്‍കുന്നതെന്ന് യുവതി ചോദിച്ചു. സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് ഇതേ നിലപാടു പ്രതീക്ഷിച്ചാല്‍ മതിയെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്നതെന്നും യുവതി പറഞ്ഞു. ശശീന്ദ്രനോടു മുഖ്യമന്ത്രി മൃദു സമീപനം കാണിച്ചതു വിഷമമുണ്ടാക്കിയെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നതെന്നും യുവതി പറഞ്ഞു. 'കേരളത്തില്‍ ഇതേ നടക്കൂ, സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള സുരക്ഷയേ കിട്ടൂ എന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ വെളിപ്പെടുന്നത്. മന്ത്രിപദവിക്കു യോജിക്കാത്ത രീതിയില്‍ പെരുമാറിയ എ.കെ ശശീന്ദ്രന്‍ രാജിവെക്കണമെന്നും മന്ത്രിക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മാധ്യമങ്ങളോട് യുവതി പ്രതികരിച്ചു.
 
.

Back to Top