News

ബക്രീദിന് ലോക്ഡൗണ്‍ ഇളവ്: കേരളത്തോടു വീശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെ സംബന്ധിച്ച് ഇ്ന്നു തന്നെ വിശദീകരണം നല്‍കണമെന്ന് കേരളത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജീവിക്കാന്‍ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. ബക്രീദ് പ്രമാണിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ല എന്നു സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പി.കെ.ഡി.നമ്പ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസുകള്‍ ഉണ്ടാകുന്ന സംസ്ഥാനമായിട്ടും ബക്രീദിന് കേരളം മൂന്നു ദിവസത്തെ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് കോടതിയില്‍ വെളിപ്പെടുത്തി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലലകളില്‍ക്കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചു എന്നേ ഉള്ളൂവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നാളെ ഒന്നാമത്തെ കേസായി കേരളത്തിലെ ലോക് ഡൗണ്‍ ഇളവുകള്‍ക്ക് എതിരായ അപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
.

Back to Top