News

ട്വിറ്ററിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി; ട്വിറ്റര്‍ വഴങ്ങിയേക്കും

ട്വിറ്ററിന് യു.എസ്. പോലുള്ള രാജ്യങ്ങളോട് ഒരു നയവും ഭാരതത്തോട് മറ്റൊരു നയവുമാണെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതാണ് നിയമ പരിരക്ഷ ഒഴിവാക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ ട്വിറ്ററിനുള്ള പരിഗണന പിന്‍വലിച്ചത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. അതിനിടെ, കേന്ദ്ര സര്‍ക്കാരിനോടുള്ള നയം ട്വിറ്റര്‍ പുനഃപരിശോധിക്കുന്നതായി സൂചന. ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിച്ചുനീങ്ങുമെന്ന് ട്വിറ്റര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. ഇന്ന് പാര്‍ലമെന്ററി സമിതി മുന്‍പാകെ ട്വിറ്റര്‍ പ്രതിനിധികള്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിയമ പരിരക്ഷ നഷ്ടമായ സാഹചര്യത്തില്‍ ട്വിറ്റര്‍ ഓഹരികള്‍ക്ക് വിപണിയില്‍ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്... ഇന്ത്യയില്‍ ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ രാജ്യത്തിന്റെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അനുസരിക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. യു.എസ്. പോലുള്ള രാജ്യങ്ങളോട് ഒരു നയവും ഇന്ത്യയോട് മറ്റൊരു നയവും എന്നതാണ് ട്വിറ്ററിന്റെ ശൈലി. വാഷിങ്ടണ്‍ ക്യാപിറ്റോള്‍ ഹില്ലില്‍ ഗുണ്ടാ സംഘങ്ങള്‍ കയ്യേറ്റം നടത്തിയപ്പോള്‍ അവര്‍ ട്രംപനുകൂലികളാണെന്ന പേരില്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. എന്നാല്‍, ഡെല്‍ഹിയില്‍ ചെങ്കോട്ട ആക്രമിക്കുകയും പൊലീസുകാരെ തള്ളിയിടുകയും ചെയ്തപ്പോള്‍ കുറ്റക്കാരുടെയോ അവരുടെ നേതാക്കളുടെയോ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ല. ചെങ്കോട്ടയില്‍ നടന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്നാണ് പ്രതികരിച്ചത്. ക്യാപിറ്റോള്‍ യു.എസിന്റെ അഭിമാനമാണെങ്കില്‍ പ്രധാനമന്ത്രി ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചെങ്കോട്ട ഇന്ത്യക്ക് അഭിമാനമാണെന്ന് മനസ്സിലാക്കണം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിലെ പകുതി പേരും ട്വിറ്ററിലുണ്ട്. അത് തങ്ങള്‍ എത്രത്തോളം നീതി പുലര്‍ത്തുന്നനു എന്ന് കാണിക്കുന്നു. അതേസമയം, മാനദണ്ഡങ്ങള്‍ മാനദണ്ഡങ്ങളാണ്. ഒരു പ്ലാറ്റ്‌ഫോമും നിരോധിക്കണമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും പക്ഷേ, ട്വിറ്റര്‍ നിയമം പാലിക്കണമെന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. എല്ലാ കമ്പനികള്‍ക്കും ബാധകമായ ഐ.ടി. നിയമ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശത്തോട് എതിര്‍പ്പുയര്‍ത്തി ട്വിറ്റര്‍ പലപ്പോഴും നിലപാടെടുത്തിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്‍.എസ്.എസ്. തലവന്‍ ഡോ. മോഹന്‍ ഭാഗവത് തുടങ്ങിയവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് നീക്കുക, പല പ്രമുഖരുടെയും ട്വീറ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയ പ്രതികരണങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരുമായും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലെ പ്രധാന കക്ഷിയായ ബി.ജെ.പിയോടും ശത്രുതാപരമായ നിലപാട് കൈക്കൊണ്ടു. അതിനിടെ ട്വിറ്റര്‍ പ്രതിനിധികളെ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുന്ന സാഹചര്യവുമുണ്ടായി. തര്‍ക്കങ്ങള്‍ക്കിടെ ഐ.ടി. നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാകാതിരുന്നതാണ് നിയമ പരിരക്ഷ പിന്‍വലിക്കാന്‍ കാരണം. എന്നാല്‍, നിയമത്തെ അംഗീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ ട്വിറ്റര്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരം റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറെയും നോഡല്‍ കോണ്ടാക്ട് ഉദ്യോഗസ്ഥനെയും നിയമിക്കാന്‍ തയ്യാറായി. ഒരു അഭിഭാഷകനെ നിയമിച്ചതായാണ് ഈ മാസം രണ്ടിന് കേന്ദ്ര സര്‍ക്കാരിനെ ട്വിറ്റര്‍ അറിയിച്ചത്. എന്നാല്‍, നിയമിക്കുന്നത് കമ്പനി ജീവനക്കാരനായിരിക്കണം എന്ന വ്യവസ്ഥ പാലിക്കാഞ്ഞതിനാല്‍ കേന്ദ്ര സര്‍ക്കാരിന് സ്വീകാര്യമായില്ല. ഈ മാസം 13ന് കേന്ദ്ര സരക്കാരിനെ ട്വിറ്റര്‍ പ്രതിനിധികള്‍ അറിയിച്ചത് ഇന്ത്യയില്‍ നിയമിക്കുന്നതിനായി യോജിച്ച ടീഫ് കംപ്ലയന്‍സ് ഓഫീസറെയും റെസിഡന്റ് ഗ്രീവന്‍സ് ഓഫിസറെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നാണ്. ഏറ്റവുമൊടുവില്‍ ട്വിറ്റര്‍ വക്താക്കള്‍ വെളിപ്പെടുത്തിയതാകട്ടെ, നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് നടത്തുന്ന എല്ലാ ശ്രമങ്ങളും അതത് സമയം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നുണ്ട് എന്നാണ്... ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കമ്മിറ്റി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് ഹാജരാകാന്‍ ട്വിറ്റര്‍ പ്രതിനിധികളോട് നിര്‍ദേശിച്ചിട്ടുണ്ട്... ഒന്നല്ല, പല കാരണങ്ങളാല്‍ ഇന്ത്യയിലുള്ള സാന്നിധ്യവും നിയമ പരിരക്ഷയും ഉപേക്ഷിക്കാന്‍ ട്വിറ്റര്‍ തയ്യാറാകില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായ ഉടന്‍ ട്വിറ്ററിന്റെ ഓഹരിവില ഇടിഞ്ഞു. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരിവില അര ശതമാനം ഇടിഞ്ഞ് 59.93 ഡോളറായി. ഫെബ്രുവരിയില്‍ ഇത് 80.75 ഡോളറായിരുന്നു. ഇന്ത്യയില്‍ പുതിയ ഐ.ടി. നിയമം നടപ്പായി മാസങ്ങള്‍ കഴിഞ്ഞിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായില്ല എന്ന കുറ്റപ്പെടുത്തല്‍ ട്വിറ്റര്‍ നേരിടുന്നുണ്ട്. മെയ് 26ന് ചട്ടം നിലവില്‍ വന്നു. അതിന് ശേഷവും ട്വിറ്ററിന് സമയം നീട്ടിക്കിട്ടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഈ മാസം അഞ്ചാം തീയതി ഐ.ടി. നിയമ ചട്ടങ്ങള്‍ പാലിക്കാത്തപക്ഷം നിയമ പരിരക്ഷ നഷ്ടമാകുമെന്ന് അവസാന അറിയിപ്പും ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നിട്ടും ഗൗരവത്തോടെ പ്രവര്‍ത്തിക്കാഞ്ഞതിനാലാണ് സേഫ് ഹാര്‍ബര്‍ പരിരക്ഷ നഷ്ടമായത്. പത്തു വര്‍ഷത്തിലേറെയായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍നിന്നുണ്ടായത് അവിശ്വസനീയമായ പ്രതികരണമാണ് എന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം പ്രതികരിച്ചത് ട്വിറ്ററിന് നാണക്കേട് വരുത്തുകയും ചെയ്തു. ഐ.ടി. നിയമ വ്യവസ്ഥകള്‍ പാലിക്കാഞ്ഞതിനാല്‍ ഭാരതത്തില്‍ നിയമപരിരക്ഷ നഷ്ടമായ ഏക യു.എസ്. സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍. ഇതും ട്വിറ്ററിന് ക്ഷീണം സൃഷ്ടിക്കുന്നു.
.

Back to Top