News

കേരളത്തിന് 1804 കോടി രൂപയുടെ ജല്‍ ജീവന്‍ പദ്ധതി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കുടിവെള്ള പദ്ധതിയായ ജല്‍ ജീവനില്‍ കേരളത്തിന് 2021-22 വര്‍ഷത്തേക്ക് 1804 കോടി രൂപയുടെ പദ്ധതി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിനായി 404.24 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2024 ആകുമ്പോഴേക്കും എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഒരോ മാസവും വിലയിരുത്തുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ്് ഷെഖാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നതില്‍ കേരളം വളരെ പിന്നിലാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2019ല്‍ ജല്‍ ജീവന്‍ പദ്ധതി തുടങ്ങുന്ന സമയത്ത് കേരളത്തില്‍ 97.14 ലക്ഷം വീടുകളില്‍ 16.64 ശതമാനം എണ്ണത്തില്‍ മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് 23 ലക്ഷം വീടുകളില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും മന്ത്രി ഗജേന്ദ്ര സിങ് കത്തില്‍ ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യമായ അളവിലും ഗുണമേന്മയിലും തുടര്‍ച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം എത്തിച്ച ആദ്യ സംസ്ഥാനം ഗോവയാണ്. ഇതിനു പിന്നാലെ തമിഴ്നാട്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പൂര്‍ണമായും പദ്ധതിയുടെ ഭാഗമായി. കേരളത്തിലും എത്രയും പെട്ടന്ന് തന്നെ ഈ പദ്ധതി നടപ്പാക്കണമെന്നും അതിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ആവശ്യമാണെന്നും ജീവനക്കാരെ നിയമിക്കാന്‍ ഉടന്‍ തന്നെ തയ്യറാകണമെന്നും കേന്ദ്രം കേരളത്തോടു നിര്‍ദേശിച്ചു.
.

Back to Top