Finance

ലോക്ഡൗണില്‍ വരുമാനം കൂപ്പുകുത്തി; കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: ഏതാണ്ടെല്ലാ മേഖലകളും പ്രവര്‍ത്തന രഹിതമായ കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടു. ലോക്ഡൗണ്‍ ആഴ്ചകളായി നീളുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. ഏപ്രിലിനെ അപേക്ഷിച്ചു മേയില്‍ ജി.എസ്.ടി. വരുമാനം പകുതിയിലേറെയാണു താഴ്ന്നത്. 1225 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഏപ്രിലില്‍ 2298 കോടി രൂപ ജി.എസ്.ടി. വഴി ലഭിച്ചിരുന്നെങ്കില്‍ മേയില്‍ അത് 1043 കോടി രൂപയായി കുറഞ്ഞു. മദ്യവില്‍പന നിലച്ചതാണു സര്‍ക്കാരിന്റെ വരുമാനത്തിന് ഏറ്റവും വലിയ തിരിച്ചടിയായത്. 1300 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണു കണക്ക്. ലോട്ടറി വില്‍പന മുടങ്ങിയതും വരുമാനത്തെ ബാധിച്ചു. 118 കോടി രൂപയുടെ നഷ്ടമുണ്ടായി. സ്റ്റാംപ് ഡ്യൂട്ടി വരുമാനം തൊട്ടു മുന്‍പത്തെ മാസം 220 കോടി രൂപയായിരുന്നത് കുറഞ്ഞ് 26 കോടി രൂപയിലെത്തി.
എസ്.ജി.എസ്.ടിയിലും വലിയ കുറവുണ്ടായി. 477 കോടി രൂപയാണ് മേയില്‍ ആകെ ലഭിച്ചത്. ഏപ്രിലിലെ തുക 1075 കോടി രൂപയായിരുന്നു. 598 കോടി രൂപയാണു നഷ്ടം.
മേയിലെ സ്ഥിതി ജൂണിലും തുടരുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. മേയ് എട്ടിനാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. ആ മാസത്തിലെ ആദ്യ ആഴ്ചയൊഴികെയുള്ള കാലം കടകമ്പോളങ്ങള്‍ ഏറെക്കുറെ അടഞ്ഞുകിടന്നു. മദ്യവില്‍പനയും ലോട്ടറി വില്‍പനയും നടന്നില്ല. 33 ലോട്ടറികള്‍ റദ്ദാക്കപ്പെട്ടു. ജൂണ്‍ 16 വരെയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകളായി ലോക്ഡൗണ്‍ പിന്‍വലിക്കപ്പെടുമെന്ന പ്രതീക്ഷ ഒരു വശത്തുണ്ടെങ്കിലും കോവിഡ് ബാധ കുറയാത്ത സാഹചര്യത്തില്‍ അതു സംഭവിക്കുന്നില്ല. ടി.പി.ആറില്‍ കുറവുണ്ടാവുക, കോവിഡ് നിമിത്തമുള്ള മരണങ്ങള്‍ കുറയുക, കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ ലഭിക്കുക തുടങ്ങി ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പലതാണ്.
മേയില്‍ മൂന്നാഴ്ചയിലേറെ ലോക്ഡൗണ്‍ നീണ്ടു എങ്കില്‍ ജൂണില്‍ രണ്ടാഴ്ച പിന്നിടുകയാണ്. ഇതിലാകട്ടെ, രണ്ടു ദിവസം ട്രിപ്പിള്‍ ലോക്ഡൗണാണ്. വ്യാപാര, വാണിജ്യ മേഖല പേരിനു മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ സജീവമാകുന്നത്. ലോക്ഡൗണ്‍ പിന്നെയും നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ മേയില്‍ നേരിട്ടതിലും വലിയ ഇടിവ് സര്‍ക്കാരിന്റെ വരുമാനത്തില്‍ സംഭവിക്കും. വരുമാനത്തിനുള്ള വഴികളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി വായ്പയെടുക്കലാണ്.
ആദ്യ പിണറായി സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക്കെന്നപോലെ രണ്ടാം പിണറായി സര്‍ക്കാരിലെ ധനമന്ത്രി കെ.എന്‍.ബാലഗോപാലും കണ്ടെത്തുന്നതു കടമെടുക്കുക എന്ന വഴി തന്നെ. കേരളത്തിന്റെ പൊതു കടം മൂന്നു ലക്ഷം കോടി രൂപ പിന്നിട്ടുകഴിഞ്ഞു, ഇത് അപകടകരമായ സാഹചര്യമല്ലേ എന്ന ചോദ്യത്തിന് ബാലഗോപാല്‍ നല്‍കിയ മറുപടി കടം ഒഴിവാക്കിയാല്‍ ജനങ്ങള്‍ക്കു ലഭിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകും എന്നായിരുന്നു. കോവിഡിന്റെ കാലത്തു കടം പെരുകുന്നതിനെ കുറിച്ചു ചിന്തിച്ചാല്‍ പറ്റില്ല, മരുന്നും മറ്റു സഹായങ്ങളും എത്തിക്കുന്നതിനാണു പ്രാധാന്യം കല്‍പിക്കേണ്ടത് എന്നായിരുന്നു വിശദീകരണം.
കോവിഡിനെ തളയ്ക്കുന്നതില്‍ മാതൃകാ സംസ്ഥാനമായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് ജയിച്ച ഇടതുപക്ഷം കോവിഡ് രണ്ടാം തരംഗം ശക്തമായി പിടികൂടിയതിനു കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് അംഗീകരിക്കാന്‍ തയ്യാറല്ല. വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്നതിലും തെരഞ്ഞെടുപ്പു പോലുള്ള അവസരങ്ങില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നതിലും സര്‍ക്കാരിനു പറ്റിയ പിഴവുകള്‍ രോഗവ്യാപനം വര്‍ധിക്കാനിടയാക്കി എന്ന യാഥാര്‍ഥ്യം അംഗീകരിച്ചു തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന സൂചനകളുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വായ്പ വാങ്ങുകയേ നിവൃത്തിയുള്ളൂ എന്നു പ്രഖ്യാപിക്കുന്ന ധനമന്ത്രിക്ക് ആശ്വാസമായി കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നു.
വായ്പാ പരിധി ഉയര്‍ത്തണമന്ന കേരളത്തിന്റെ ആവശ്യത്തോടു കേന്ദ്രം പ്രതികരിച്ചതു ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ പരിഗണിക്കാമെന്നാണ്. ആധാറും റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. കേന്ദ്ര നിര്‍ദേശം കേരളം നടപ്പാക്കിയിരുന്നു. തുടര്‍ന്നാണു സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തിയത്. കേരളത്തിനൊപ്പം മറ്റ് അഞ്ചു സംസ്ഥാനങ്ങളുടെ കൂടി വായ്പാ പരിധി വ്യവസ്ഥകള്‍ക്കു വിധേയമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
.

Back to Top