News

വാക്സീനെടുത്താല്‍ ബിയര്‍ സൗജന്യം

ന്യൂജേഴ്സി: കോവിഡിന്റെ രണ്ടാം തരംഗം പല രാജ്യങ്ങളെയും പിടിച്ചുകുലുക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതിയുമായി അധികൃതര്‍. ഈ മാസം കോവിഡ് 19 വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ബിയര്‍ വാഗ്ദാനം ചെയ്യുകയാണ് ഇവിടത്തെ ഭരണകൂടം.
'ഷോട്ട് ആന്‍ഡ് ബിയര്‍' എന്ന പദ്ധതിക്കായി ഒരു ഡസനിലധികം മദ്യവില്‍പ്പനശാലകളുമായി കരാറിലെത്തിയതായി ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു.
21 വയസ്സിന് മുകളില്‍ പ്രായമുള്ള ന്യൂജേഴ്സി പൗരന്മാര്‍ക്കാണ് ബിയര്‍ ലഭിക്കുക. ഈ മാസം മാത്രമാണ് ഈ ആനുകൂല്യം. ഈ മാസം വാക്സിന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നാണ് നിബന്ധന. വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന കാര്‍ഡുമായി പദ്ധതിയില്‍ പങ്കാളികളായ ബിയര്‍ ഷോപ്പിലേക്ക് ചെന്നാല്‍ ബിയര്‍ ലഭിക്കും. ഒരു മാസത്തിനുള്ളില്‍ പരമാവധി പേരിലേക്ക് വാക്സിന്‍ എത്തിക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ജൂണ്‍ 30ന് മുന്‍പായി 4.7 ദശലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് മില്‍ മാര്‍ഫി വ്യക്തമാക്കി. എല്ലാ മേഖലകളിലും വാക്സിന്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വാക്സീന്‍ സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നവരെ ബോധവതകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ഇതുവരെ 37 ശതമാനം ആളുകളാണ് വാക്സീന്‍ സ്വീകരിച്ചിട്ടുള്ളത്.
 
.

Back to Top