News

പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഡി.എം.കെ.തമിഴ്നാട്ടില്‍ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ചെന്നൈ: നീണ്ട പത്തു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ്നാട്ടില്‍ ഭരണമുറപ്പിച്ച് ഡി.എം.കെ. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കുമെന്ന് ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കാന്‍ പോകുന്ന നേതാവുമായ സ്റ്റാലിന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങു ലളിതാമായിട്ടാകും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 234 അംഗ സഭയില്‍ ഡി.എം.കെയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. കരുണാനിധിയുടെ വേര്‍പാടിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. കരുണാനിധിയുടെ മരണത്തോടെ ഡി.എം.കെയില്‍ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന വിമര്‍ശകരുടെ വാദം തള്ളിയാണ് സ്റ്റാലിന്‍ പാര്‍ട്ടിയെ വന്‍ ജയത്തിലെത്തിച്ചത്.
1996നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയാണ് ഡി.എം.കെ. കടന്നിരിക്കുന്നത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എം.ഡി.എം.കെ. വി.സി.കെ. തുടങ്ങിയ സഖ്യകക്ഷികളും ഡി.എം.കെ. പക്ഷത്തുണ്ടായിരുന്നു. ഡി.എം.കെ.മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. പ്രവചിച്ച തരംഗം ഉണ്ടായില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്റ്റാലിന്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. 1966ല്‍ ഡി.എം.കെ. യുവജന വിഭാഗം രൂപവത്കരണ സമിതി അംഗമായി ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമായാണ് എത്തുന്നത്. സ്റ്റാലിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന കൊളത്തൂരില്‍നിന്ന് ഇത്തവണയും അദ്ദേഹം നിയമസഭയില്‍ എത്തിയതു ഹാട്രിക് വിജയത്തോടെയാണ്.
 
.

Back to Top