News

ഇ.പി.ജയരാജന്റെ മകന്റെ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും

കണ്ണൂര്‍: മന്ത്രി ഇ.പി.ജയരാജന്റെ മകന്‍ ജയ്‌സണ്‍ ഡയറക്ടറായുള്ളതും വിവാദത്തില്‍പ്പെട്ടതുമായ  ആയുര്‍വേദ റിസോര്‍ട്ടിന്റെ ഉദ്ഘാടനം ഇ.പി.ജയരാജന്‍ നിര്‍വഹിച്ചു. കുന്നിടിച്ചു നിരത്തിയാണു റിസോര്‍ട്ട് നിര്‍മിച്ചത് എന്നാണു പരാതി ഉയര്‍ന്നിരുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ.സുധാരകരന്‍ എം.പിയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്ന കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം മമ്പറം ദിവകരന്‍ പങ്കെടുത്തതു ശ്രദ്ധിക്കപ്പെട്ടു. 2016ല്‍ ധര്‍മടത്തു പിണറായി വിജയന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന മമ്പറം ദിവാകരനെ ഉദ്ഘാടനത്തിനു ക്ഷണിച്ചതിനു പിന്നിലും രാഷ്ട്രീയമുണ്ടെന്നാണു സൂചന.
മൊറാഴയിലെ ഉടുപ്പുക്കുന്ന് ഇടിച്ചുനിരത്തിയാണു നിര്‍മാണം നടത്തുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍, ആന്തൂര്‍ നഗരസഭ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന വാദമുയര്‍ത്തി കലക്ടര്‍ നടപടി കൈക്കൊണ്ടില്ല. തുടര്‍ നടപടികള്‍ ഉണ്ടായതുമില്ല.
നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വന്‍ഷന്‍ സെന്ററിനു നിസ്സാര പിഴവുകള്‍ ആരോപിച്ച് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യാവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് ആന്തൂര്‍ നഗരസഭയിലാണ്. 
തിരഞ്ഞെടുപ്പു നാളുകളിലാണ് റിസോര്‍ട്ടിന് അന്തിമ അനുമതി നേടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുഷ് വകുപ്പിന്റെ ലൈസന്‍സ് മാത്രമാണ് ഇനി ലഭിക്കാനുള്ളത്.
2014ലാണ് അരോളിയില്‍ ഇ.പി. ജയരാജന്റെ വീടിനു ചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്. ജയരാജന്റെ മകന്‍ ജയ്സണ്‍ ആണു കമ്പനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍. സി.പി.എമ്മിന്റെ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിര്‍മിച്ചു നല്‍കിയ തലശ്ശേരിയിലെ കെട്ടിട നിര്‍മാണക്കരാറുകാരനും ഡയറക്ടറാണ്.
 
.

Back to Top