News

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറു വര്‍ഷം കഠിന തടവ്

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായര്‍ കുറ്റക്കാരിയെന്നു കോടതി. ആറു വര്‍ഷം കഠിന തടവും 30,000 രൂപയുമാണ് കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചു. മൂന്നാം പ്രതി മണിമോനെ കോടതി വിട്ടയച്ചു.
സോളാര്‍ പാനല്‍ ഘടിപ്പിച്ചു നല്‍കാമെന്ന വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണ് കേസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണു പരാതിക്കാരന്‍ അബ്ദുള്‍ മജീദ് ആരോപിച്ചിരുന്നത്.
ശിക്ഷാനിയമം 419 (വഞ്ചന), 471 (രേഖകളില്‍ കൃത്രിമം കാട്ടല്‍),406 (വിശ്വാസ വഞ്ചന), 402 (സാധനങ്ങള്‍ നല്‍കാമെന്നു പറഞ്ഞു വഞ്ചിക്കല്‍) തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കണ്ടെത്തിയാണു കോടതി നടപടി. താന്‍ കമ്പനിയുടെ ഡയറക്ടറായിരുന്നു എങ്കിലും കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നതെന്നും സരിത ബോധിപ്പിച്ചിരുന്നു.

2012 കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടക്കാവ് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ ഘടിപ്പിച്ചുനല്‍കാമെന്ന് പറഞ്ഞാണ് 42.7 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സോളാര്‍ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും പ്രതികള്‍ വാഗ്ദാനം ചെയ്തെന്നാണു പരാതി. വ്യാജ പേരുകളായ ലക്ഷ്മി നായര്‍, ആര്‍.ബി.നായര്‍ എന്ന പേരുകളിലാണ് സരിത നായരും ബിജു രാധാകൃഷ്ണനും അബ്ദുള്‍ മജീദിനെ സമീപിച്ചിരുന്നത്.
സരിതാ നായര്‍ക്കെതിരായ കേസുകളില്‍ ആദ്യ വിധിയാണു പുറത്തു വന്നിരിക്കുന്നത്. സോളാര്‍ തട്ടിപ്പിനു പുറമെ ബവ്‌റിജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലും ഇവര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി. ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി.
.

Back to Top