ഇന്ത്യ 2040ല്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
April 22 2021
മുംബൈ: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി താല്‍ക്കാലികമായി തളര്ത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിക്കുകയാണ്. 2040 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് നടത്തിയ പഠനം വെൡപ്പെടുത്തുന്നു. ലോകത്താകമാനം സാന്നിധ്യമുള്ളതും ആഗോള സാമ്പത്തിക, വ്യാവസായിക മേഖലകളെ വിലയിരുത്തുന്നതും പ്രവചനങ്ങള്‍ നടത്തുന്നതുമായ ഗ്രൂപ്പാണ് ഓക്സ്ഫ് ഇക്കണോമിക്സ്.
2020ല്‍ ആഗോള ജി.ഡി.പിയുടെ 3.1 ശതമാനമായിരുന്നു ഇന്ത്യയുടെ വിഹിതം. 2040 ആകുമ്പോഴേക്കും ഇത് ഇരട്ടിയോളം വര്‍ധിച്ച് 6.1 ശതമാനം ആകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. സമ്പദ്വ്യവസ്ഥകളുടെ കാര്യത്തില്‍ ആഗോള റാങ്കിങ്ങില്‍ ആറാം സ്ഥാനമാണു രാജ്യത്തിന്. 20 വര്‍ഷംകൊണ്ടു വലിയ വളര്‍ച്ച നേടി മൂന്നാമതെത്തുമെന്നാണു പ്രതീക്ഷ. അതോടെ, യു.എസിനും ചൈനയ്ക്കും പിറകെയാവും ഭാരതം.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 10.2 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് കെയര്‍ റേറ്റിങ്സിന്റെ അനുമാനം. നേരത്തേ ഇതിലും കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, കോവിഡ് ബാധ സമ്പദ്ഘടനയ്ക്ക് ഏല്പിച്ച ആഘാതം തുടരുകയും ശക്തമാം വിധം കോവിഡ് രണ്ടാം തരംഗം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രതീക്ഷിത വളര്‍ച്ചാനിരക്കു താഴ്ത്തി 10.2 ആക്കുകയാണുണ്ടായത്. നേരത്തേ പ്രവചിച്ചിരുന്നത് 10.7 മുതല്‍ 10.9 വരെ ശതമാനം വളര്‍ച്ചയായിരുന്നു. 11 ശതമാനമോ അതില്‍ കൂടുതലോ വളര്‍ച്ച നേടുമെന്ന് അതിനുംമുന്പേ റേറ്റിങ് ഏജന്‍സികള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴത്തെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് കോവിഡ് ബാധ രൂക്ഷമായി തുടരുന്ന പക്ഷം ഇനിയും താഴ്ത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
അതേസമയം, കോവിഡ് സാഹചര്യം വിവിധ രാജ്യങ്ങളെ വിവിധ തോതിലായിരിക്കും ബാധിക്കുകയെന്നു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 20 വര്‍ഷത്തിനുള്ളില്‍ യു.എസിനെ മറികടന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചൈനയെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ചൂണ്ടിക്കാട്ടുന്നുണ്ട്. ആ സമയമാകുമ്പോഴേക്കും ആഗോള ജി.ഡി.പിക്ക് ഏറ്റവും കൂടുതല്‍ സംഭാവന അര്‍പ്പിക്കുന്ന രാജ്യങ്ങളായി ചൈനയും ഇന്ത്യയും മാറും. അപ്പോള്‍ ഇരു രാജ്യങ്ങളുടെയും ചേര്‍ന്നുള്ള പങ്ക് ആഗോള ജി.ഡി.പിയുടെ 29 ശതമാനത്തോളം വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയും ഭാരതവും സാമ്പത്തിക ഉയര്‍ച്ച നേടുന്നതിനനുസരിച്ച് ആഗോള ജനസംഖ്യയും ഗണ്യമായി വര്‍ധിക്കും. 20 വര്‍ഷംകൊണ്ടു ലോകജനസംഖ്യ 920 കോടിയാകുമെന്നാണു കണക്ക്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി അപ്പോഴേക്കും ഭാരതം മാറും. 2027ല്‍ ചൈനയെ മറികടന്ന് ഭാരതം ജനസംഖ്യയില്‍ ഒന്നാമതെത്തുമെന്നാണ് സൂചന. എന്നാല്‍, സാമ്പത്തികമായി അപ്പോഴും ചൈന ബഹുദൂരം മുമ്പിലായിരിക്കും.
ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമായി ഭാരതം തുടരും. ഇത് ഉല്പാദനശേഷി വര്‍ധിപ്പിക്കും. വര്‍ധിച്ച ഉല്പാദനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയ്ക്കൊപ്പമെത്താനോ മറികടക്കാനോ ഉള്ള കരുത്ത് ഭാരതം നേടിയെടുത്തേക്കാം. ആഗോള സാമ്പത്തിക ശക്തികളായി മാറുമെങ്കിലും അപ്പോഴും ജനസംഖ്യ, വിഭവ ലഭ്യത, പ്രതിശീര്‍ഷ ജി.ഡി.പി. തുടങ്ങിയ കാര്യങ്ങളില്‍ വികസിത രാജ്യങ്ങളെ കവച്ചുവെക്കാന്‍ ഭാരതത്തിനോ ചൈനയ്ക്കോ കഴിഞ്ഞെന്നുവരില്ല. ജീവിതനിലവാരം വികസിത രാജ്യങ്ങളിലേതിനു സമാനം മെച്ചപ്പെടില്ല എന്നതാണ് ഇതുകൊണ്ടുള്ള ദൂഷ്യഫലം.
അതേസമയം, അടിസ്ഥാന സൗകര്യ വികസനം മുതല്‍ ആഡംബര സംവിധാനങ്ങള്‍ വരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്നത്തേതില്‍നിന്നു പ്രകടമായ പുരോഗതി സാധ്യമാവും. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറ്റവും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ് ജനതയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും നിര്‍ണായകമായിത്തീരുന്ന കാലമാണ് ഇത് എന്നതു വളര്‍ച്ച സംബന്ധിച്ച സങ്കല്പങ്ങളെ അട്ടിമറിച്ചേക്കാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഏറ്റവുമേറെ സാധ്യതയുള്ള ജനതയും ഇടവുമാണ് എന്നതും ഭാരതത്തിന്റെ ഭാവി ശോഭനമാണെന്ന പ്രതീക്ഷ പകരുന്നു.