വായ്പകള്‍ക്കു മൊറട്ടോറിയം: ഹര്‍ജി സുപ്രീം കോടതി തള്ളി
March 23 2021
ന്യൂഡല്‍ഹി: കോവിഡ് കാലത്ത്് ബാങ്ക് വായ്പ തിരിച്ചടവിന് അനുവദിച്ച മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നല്കാന് കഴിയില്ല. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
പലിശ എഴുതിത്തള്ളുന്നത് ബാങ്കുകളെയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെയും തകര്‍ക്കും. അതിനാല്‍ മുഴുവന്‍ പലിശയും എഴുതിത്തള്ളാന്‍ ആകില്ല. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനും ആര്.ബി.ഐക്കുമാണ്. ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടുന്നതു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്നും കോടതി വിലയിരുത്തി. ലോക് ഡൗണ്‍ കാലത്ത് സാമ്പത്തിക മേഖല തകരാതിരിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയെന്നു കോടതി നിരീക്ഷിച്ചു. രണ്ടു കോടിക്കു മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്നു ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണു മൂന്നു മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്നു മാസം കാലാവിധി നീട്ടി നല്കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയത്. മൊറട്ടോറിയം ആറു മാസം നീട്ടണമെന്ന്് മറ്റൊരു ഹര്‍ജിക്കാരന്റെ അഭിഭാഷകനായ വിശാല്‍ തിവാരി ആവശ്യപ്പെട്ടിരുന്നു.