ധര്‍മടത്ത് പി.ജയരാജന്റെ ചിത്രമുള്ള പടുകൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്
March 23 2021
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മല്‍സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ എതിര്‍പ്പുമായി പി.ജയരാജന് അനുകൂലികള്‍. മണ്ഡലത്തില്‍ ജയരാജന് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സി.പി.ഐ.(എം) ജില്ലാ നേതൃത്വത്തെ പോലും ഞെട്ടിപ്പിച്ചാണ് പി.ജെ.ആര്‍മിയുടെ നീക്കം. ബോര്‍ഡില്‍ 'ഞങ്ങടെ ഉറപ്പാണ് പി ജെ' എന്നാണ് എഴുതിയിരിക്കുന്നത്. നേരത്തെ പി.ജെ. ആര്‍മി എന്ന പേരിലാണ് പി. ജയരാജനെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പോസ്റ്റുകള്‍ പ്രത്യക്ഷ്യപ്പെട്ടിരുന്നതെങ്കില് പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
പാര്‍ട്ടി കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയും ജനപിന്തുണയുള്ള നേതാവുമായ ജയരാജനു നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കാഞ്ഞതില് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താല്‍ പി.ജയരാജനെ സീറ്റ് നല്‍കാതെ പിണറായി ഒതുക്കിയെന്നാണ് ആക്ഷേപം.
ജയരാജനെ സ്റ്റാര്‍ ക്യാംപെയ്നര്‍ പട്ടികയില്‍ നീക്കിയതായും പരാതിയുണ്ട്. സീതാറാം യെച്ചൂരിയില്‍ തുടങ്ങി യുവ നേതാവായ എ.എ.റഹീം വരെ മുപ്പതോളം നേതാക്കള്‍ ക്യാംപെയ്ന്റെ ഭാഗമായുള്ള പ്രാസംഗികരുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോഴാണ് മുതിര്‍ന്ന നേതാവായ പി.ജയരാജനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്.