News

ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കുമെന്നും വീട്ടമ്മമാര്‍ക്കു പെന്‍ഷന്‍ നല്‍കുമെന്നും ഇടതുമുന്നണിയുടെ വാഗ്ദാനം. പൊതു മേഖല സംരക്ഷിക്കും, 20 ലക്ഷം അഭ്യസ്ത വിദ്യര്‍ക്കു തൊഴില്‍ നല്‍കും, 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. 
റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്‌പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ അഗ്രോ പാര്‍ക്ക് തുടങ്ങിയ പാര്‍ക്കുകള്‍ സ്ഥാപിക്കും. ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ 1.6 ലക്ഷം സംരഭങ്ങള്‍ ആരംഭിക്കും, പീഡിത വ്യവസായങ്ങള്‍ പുനരുദ്ധരിക്കാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും എന്നിവയാണു വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വാഗ്ദാനങ്ങള്‍. 
പ്രവാസികളുടെ പുനരധിവാസത്തിനു പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയും നടപ്പാക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കാനായി നടപടികള്‍ കൈക്കൊള്ളും. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, കാര്‍ഷികോല്‍പന്ന വിപണനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഏര്‍പ്പെടുത്തല്‍, തറവില പരിഷ്‌കരിക്കല്‍ തുടങ്ങിയ മാറ്റങ്ങളുണ്ടാവും. വയോജന ക്ഷേമം, പട്ടികവര്‍ഗ ക്ഷേമം, ആരോഗ്യസംരക്ഷണം, ഭവനനിര്‍മാണം, പശ്ചാത്തല സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, വനസംരക്ഷണം തുടങ്ങിയ മേഖലകളും പ്രകടന പത്രികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
 
.

Back to Top