News

സ്വപ്നയുടെ വ്യാജ മൊഴി: ഇ.ഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചിതിനാണ് കേസ്. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനയ്ക്കും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് കേസ്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന മൊഴി സ്വപ്ന സുരേഷ് നല്‍കിയിരുന്നു. ഇത് ഇ.ഡിയുടെ സമ്മര്‍ദം മൂലമാണെന്ന് സ്വപ്നയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥയും മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനു വാഗ്ദാനം നല്‍കിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 13ന് ചോദ്യം ചെയ്തപ്പോഴാണു മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ ഇ.ഡി.ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചതെന്നും മൊഴിയില്‍ പറയുന്നു. ഇ.ഡിക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു.
അതേസമയം, ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി നേരിടുമെന്ന് ഇ.ഡി. അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ചുമതലയുണ്ടായിരുന്നവര്‍ എന്ന പേരില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മൊഴി നല്‍കിയ പൊലീസുകാര്‍ക്കെതിരെ ഇ.ഡിയും കസ്റ്റംസും നിയമനടപടിയിലേക്കു നീങ്ങുകയാണ്. ഉദ്യോഗസ്ഥരുടേതു കഴമ്പില്ലാത്ത മൊഴികളാണെന്നാണ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.
 
.

Back to Top