News

തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നു: കോടികള്‍ കണ്ടെടുത്ത് ആദായ നികുതി വകുപ്പ്

ചെന്നൈ: പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ നടന്ന റെയ്ഡില്‍ എട്ടു കോടി രൂപ പിടിച്ചെടുത്തെന്ന് ആദായ നികുതി വകുപ്പ്. താരാപുരം മണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ., മക്കള്‍ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
തിരുപ്പൂര്‍ ജില്ലയിലെ താരാപുരത്ത് ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് അര്‍ധരാത്രി വരെ നീണ്ടു. ഡി.എം.കെ. തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെ.എസ്. ധനശേഖരന്‍, എം.ഡി.എം.കെ. ജില്ലാ അസി. സെക്രട്ടറി കവിന്‍ നാഗരാജന്‍, മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖര്‍ എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമായിരുന്നു പരിശോധന. 
ഇന്നലെ രാവിലെ കവിന്‍ നാഗരാജിന്റെ വീട്ടിലാണ് ആദ്യം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. വൈകീട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകളിലും പിന്നീട് അവരുടെ ഓഫിസുകളിലും പരിശോധന നടത്തിയാണ് ആദായ നികുതി വിഭാഗം മടങ്ങിയത്.
സംവരണ മണ്ഡലമായ താരപുരത്താണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍ മല്‍സരിക്കുന്നത്. ഡി.എം.കെയുടെ കായല്‍വിഴി സെല്‍വരാജ് ആണ് പ്രധാന എതിരാളി. ചാര്‍ളിയാണ് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ പാരാജയം മുന്നില്‍ കണ്ട ബി.ജെ.പി. പ്രതിപക്ഷത്തെ വേട്ടയാടുകയാണ് എന്നാണ് ഡി.എം.കെ. നേതാക്കള്‍ റെയ്ഡിനെ കുറിച്ചു പ്രതികരിച്ചത്. എന്നാല്‍ പണം ഒളിപ്പിച്ചു വെച്ച് വേട്ടര്‍മാരെ കമ്പളിപ്പിക്കണ്ട കാര്യമില്ലെന്നു ബി.ജെ.പി. വക്താക്കള്‍ വ്യക്തമാക്കി.
 
.

Back to Top