News

പിണറായിക്കെതിരെ മല്‍സരിക്കാന്‍ തയ്യാറല്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്തു മല്‍സരിക്കില്ലെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. ധര്‍മടത്തു മല്‍സരിക്കാന്‍ സന്തോഷമാണ് എന്നാല്‍, ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ വിജയം കൈവരിക്കാന്‍ എന്റെ സാന്നിധ്യം അനിവാര്യമാണെന്നു പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ധര്‍മടത്ത് ഡി.സി.സി. സെക്രട്ടറി സി.രഘുനാഥിനെ മല്‍സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനതിരെ കെ.സുധാകരന്‍ മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു. തിരുമാനമെടുക്കാന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കാന്‍ കെ.സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. 
സ്ഥാനാര്‍ഥിയെ തീരുമാനിക്കാത്ത സാഹചര്യത്തില്‍ ധര്‍മടം മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെ.സുധാകരന്‍ തന്നെ മല്‍സരിക്കണമെന്നാവശ്യപ്പെട്ടു മണ്ഡലം കമ്മിറ്റി നേതാക്കള്‍ അദ്ദേഹത്തെ കാണുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെ കെ.സുധാകരന്‍ തന്നെ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു എന്നുമാണ് സുധാകരന്റെ നിലപാടെന്നും അറിയുന്നു. 
 
.

Back to Top