താജ്മഹലിന് ബോംബ് ഭീഷണി
March 4 2021
ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്.
ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്നു രാവിലെ ലഭിച്ചത്. സി.ഐ.എസ്.എഫും ആഗ്ര പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ പുറത്തിറക്കി താജ്മഹല്‍ അടച്ചു. സ്ഫോടക വസ്തുക്കളൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പത്തരയോടെയാണ് പൊലീസ് കണ്ട്രോള് റൂമിലേക്ക് സന്ദേശമെത്തിയത്. തുടര്‍ന്ന് താജ്മഹല്‍ അധികൃതരിലേക്ക് സന്ദേശം കൈമാറുകയായിരുന്നു. താജ്മഹലിന്റെ മൂന്ന് ഗേറ്റുകളും അടച്ചു. ബോംബ് സ്ക്വാഡും സി.ഐ.എസ്.എഫുമെത്തി പരിശോധന നടത്തുകയാണ്.