News

ആരുടെയും പിന്തുണ വേണ്ട; താന്‍ പൂഞ്ഞാറില്‍ ഉണ്ടെന്ന് പി.സി.ജോര്‍ജ്

കോട്ടയം: ഒടുക്കം തനിച്ചിറങ്ങാന്‍ തീരുമാനിച്ച് പി.സി.ജോര്‍ജ്. പൂഞ്ഞാറില്‍ മല്‍സരിക്കുമെന്ന് കേരള ജനപക്ഷം(സെക്യൂലര്‍) ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ ഔദാര്യം വേണ്ടെന്നും, അവര്‍ക്കൊപ്പം ചേരില്ലെന്നും എല്‍.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍ക്കും തന്നെ പിന്തുണക്കാമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. ട്വന്റി 20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവരുടെ സേവനം വലുതാണെന്നും തത്ക്കാലം മറ്റു മുന്നണികളുമായി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുസ്ലിം ലീഗ് ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കു തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ് യു.ഡി.എഫില്‍. ജിഹാദികള്‍ പിന്തുണക്കുന്ന യു.ഡി.എഫുമായി ഒരു സഹകരണവുമില്ല. യു.ഡി.എഫിന്റെ നേതൃനിരയില്‍ വഞ്ചകന്മാരാണ്. വി.എസ്. പക്ഷക്കാരന്‍ ആയിരുന്നതുകൊണ്ട് പിണറായി വിജയന് അത്ര താല്‍പര്യമുണ്ടാകില്ല. അതുകൊണ്ടു എല്‍.ഡി.എഫിനെക്കുറിച്ചും ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയുമായി വീണ്ടും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് കെ.സുരേന്ദ്രന്‍ വിളിക്കട്ടെ, അപ്പോള്‍ ആലോചിക്കാം എന്നായിരുന്നു മറുപടി. 
പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങളും മറ്റു നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടും മാര്‍ച്ച് മൂന്നിനു ചേരുന്ന സംസ്ഥാ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പ്രഖ്യാപിക്കും.
 
.

Back to Top