News

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്കു നാളെ യോദി ആദിത്യനാഥ് തിരിതെളിയിക്കും

കാസര്‍കോട്: ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര നാളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനായി കാസര്‍കോട് നഗരം കാവിപ്പതാക കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു.
കന്നടയിലും മലയാളത്തിലുമായി ചെറുതും വലുതുമായ ഫ്ളക്സുകള്‍ നഗരത്തിലാകെ സ്ഥാപിച്ചിട്ടുണ്ട്. യോദി ആദിത്യനാഥിനെയും കെ.സുരേന്ദ്രനെയും സപ്തഭാഷാ സംഗമ ഭൂമിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് ചിരാതും വിളക്കുകളും തെളിയിച്ചുകൊണ്ടുള്ള വിജയ ദീപം ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ തെളിയിച്ചിരുന്നു. ആദ്യമായി കാസര്‍കോട്ടെത്തുന്ന യോഗി ആദിത്യനാഥിന് വന്‍ വരവേല്‍പ്പാണ് ബി.ജെ.പി. ഒരുക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് വ്യക്തമാക്കി.
'അഴിമതി വിമുക്തം പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പുതിയ കേരളത്തിനായി കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്കു നാളെ വൈകീട്ട് മൂന്നിന് കാസര്‍കോട് ടൗണിലെ താളിപ്പടുപ്പ് മൈതാനത്താണ് തിരിതെളിയുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, കേരളത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള പ്രഭാരിമാരായ സി.പി.രാധാകൃഷ്ണന്‍, സുനില്‍ കുമാര്‍, ബി.ജെ.പി.കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ നിന്നായി മുപ്പതിനായിരും പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികള്‍ക്ക് ശേഷം മാര്‍ച്ച് ഏഴിന് വിജയയാത്ര തിരുവനന്തപുരത്തു സമാപിക്കും. സമാപന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. 
 
.

Back to Top