മാപ്പിള ലഹള: അലി അക്ബര്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നു
February 19 2021
കല്പറ്റ: മാപ്പിള കലാപം പ്രമേയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം നാളെ ആരംഭിക്കും. വയനാട് ജില്ലയിലാണ് ഷൂട്ടിങ്ങിന്റെ ആദ്യ ഘട്ടം നടക്കുക. തമിഴ് നടന് തലൈവാസല്‍ വിജയ് ഉള്‍പ്പെടെയുള്ള താരനിര അഭിനയിക്കാനെത്തും.
'1921 പുഴ മുതല്‍ പുഴ വരെ' എന്ന പേരിലുള്ള സിനിമ മാപ്പിള കലാപത്തിന്റെ യഥാര്‍ഥ ചരിത്രം അവലംബിച്ചുള്ളതാണെന്നാണു സംവിധായകന് അവകാശപ്പെടുന്നത്. മാപ്പിള കലാപത്തെ സംബന്ധിച്ചു തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലാണ് അലി അക്ബര്‍ ചലച്ചിത്രം പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചത്.
പൃഥ്വിരാജിനെ നായകനായി അവതരിപ്പിച്ചുകൊണ്ട് മാപ്പിള കലാപ നായകന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ബിഗ് ബജറ്റ് ചിത്രം പുറത്തിറക്കുമെന്നു സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നു. ചരിത്രവിരുദ്ധമായി വില്ലനെ നായകനാക്കാനാണ് ആഷിഖ് അബുവിന്റെ ശ്രമമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മറ്റേതാനും സിനിമകള്‍ കൂടി മാപ്പിള കലാപം പ്രമേയമാക്കി ഒരുങ്ങിവരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കി പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ജനങ്ങളില്‍ നിന്നു പണം കണ്ടെത്തുന്ന സമ്പൂര്‍ണ ജനകീയ സിനിമയാണ് തന്റെ പരീക്ഷണമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായും ഹൈന്ദവ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്‍ബലത്തോടെയും മമധര്‍മ മൂവി ബാനറിന് അലി അക്ബര്‍ തുടക്കമിട്ടു. പിരിഞ്ഞുകിട്ടിയ തുക സംബന്ധിച്ച വിശദാംശങ്ങള്‍ അലി അക്ബര്‍ വെളിപ്പെടുത്തിവരുന്നുണ്ട്. ചലച്ചിത്ര നിര്‍മാണത്തിന്റെ ഘട്ടങ്ങള്‍ അലി അക്ബറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രതിഫലിച്ചു കാണാം സെറ്റ് ഒരുക്കുന്നതും സാധന സാമഗ്രികള്‍ സജ്ജമാക്കുന്നതും സംബന്ധിച്ച വിശേഷങ്ങളും ഷൂട്ട് ചെയ്ത പാട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചലച്ചിത്ര ലോകത്തുനിന്നു നല്ല പ്രതികരണം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നതായി സംവിധായകന് വെളിപ്പെടുത്തിയിരുന്നു.
താരതമ്യേന വേഗത്തില്‍ പ്രമേയം രൂപപ്പെടുത്താനും തിരക്കഥ പൂര്‍ത്തിയാക്കാനും പാട്ടുകള്‍ റെക്കോഡ് ചെയ്യാനും സാധിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഷൂട്ടിങ്ങേറെയും നടക്കുകയെന്ന് അലി അക്ബര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര നിര്‍മാണത്തിന് തുടക്കംകുറിച്ച് പൂജയും സിച്ചോണ്‍ കര്‍മവും കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നിരുന്നു. ഈ വര്‍ഷം മാപ്പിള കലാപത്തിന്റെ ശതാബ്ദിവര്‍ഷം കൂടിയാണ്. ഇതാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന '1921: പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതും. ശതാബ്ദിവര്‍ഷത്തില്‍ മാപ്പിള കലാപം വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. മാപ്പിള കലാപത്തെ സംബന്ധിച്ചു പുറത്തിറങ്ങിയ പുസ്തകങ്ങളും സിനിമകളും മിക്കവാറും കലാപത്തിന്റെ യഥാര്‍ഥ സ്വഭാവം മറച്ചുവെക്കുന്നതാണെന്ന ശക്തമായ ആരോപണം നിലനില്‍ക്കുന്നുണ്ട്. നിസ്സഹായരായ ഹിന്ദുക്കളെ മതവെറിയന്മാരും അധികാര മോഹികളുമായ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല ചെയ്ത വശം ചരിത്രം വ്യാഖ്യാനിക്കുന്നവര്‍ വിട്ടുകളയുകയാണ് എന്നാണ് ആരോപണം. അതിനു കാരണം കേരളത്തില്‍ ഇസ്ലാമിക തീവ്രവാദവും മാര്‍ക്സിസവും കൈകോര്ത്തതാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഈ വിഭാഗങ്ങള്‍ അക്കാദമിക-ഗവേഷണ-മാധ്യമ രംഗങ്ങള്‍ കയ്യടക്കിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കു ദോഷകരമായ ഒരു ചരിത്ര സത്യവും പ്രകാശിപ്പിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, ചരിത്രം വളച്ചൊടിക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു മതത്തിന് ഗുണകരമാവുംവിധം ഏകപക്ഷീയമായി ചരിത്ര നിര്‍മിതി നടത്താനുള്ള ശ്രമങ്ങള്‍ക്കു നേരെയുള്ള വാളോങ്ങളാണ് തന്റെ സിനിമയെന്നാണ് അലി അക്ബറിന്റെ പക്ഷം.