സുവേന്ദു അധികാരിയുടെ വാഹനത്തിനു നേരെ ആക്രമണം; ഒരാള്‍ക്കു പരുക്ക്
February 18 2021
കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.
സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി സിംഘ റോയ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഫൂല്‍ബാഗില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ ഷിബാജി സിംഗ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണു പരാതി. ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് ബി.ജെ.പി.ആരോപിച്ചു.
ബി.ജെ.പി.പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തിയിട്ടുണ്ട്. പരുക്കേറ്റ നേതാവിനെയും പ്രവര്‍ത്തകരെയും അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ ആക്രമണത്തെ കേന്ദ്രമന്ത്രി ഗജേന്ദ സിങ് ഷെഖാവത്ത് അപലപിച്ചു. തെരഞ്ഞെടുപ്പു പരാജയ ഭീതിയാണ് മമത ബാനര്‍ജിയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.