ഇ.ശ്രീധരന് ബി.ജെ.പിയിലേക്ക്; വിജയയാത്രയില്‍ പങ്കെടുക്കുമെന്ന് കെ.സുരേന്ദ്രന്
February 18 2021
തിരുവനന്തപുരം: ഇന്ത്യയുടെ മെട്രോമാന് ഇ.ശ്രീധരന് ബി.ജെ.പിയില്‍ ചേരുമെന്നു ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കാസര്‍കോട്ട്നിന്ന് സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിജയയാത്രയ്ക്കുള്ള സ്വീകരണ വേദിയില്‍ ഇ.ശ്രീധരന് പാര്‍ട്ടിഅംഗത്വം സ്വീകരിക്കും.
കേരളത്തില്‍ നിലനിന്നിരുന്ന ഇരു മുന്നണികളും പലകാലഘട്ടങ്ങളിലായി അദ്ദേഹത്തെ എതിര്‍ക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ പോലെയുള്ളവര്‍ ബി.ജെ.പിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും വരാനിരിക്കുന്ന നിയമസഭാ മത്സരത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
വികസനം ലക്ഷ്യംവെച്ചുള്ള പല പദ്ധതികളുടെയും കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് തെറ്റാണെന്ന് വരുത്തിത്തീര്‍ത്ത് ഇരു മുന്നണികളും പല പ്രമുഖ വികസന പ്രവര്‍ത്തനങ്ങളിലും കമ്മിഷന് മാത്രം നോക്കി ഇരിക്കുകയായിരുന്നു. ഇന്നു പല പ്രമുഖ പദ്ധതികളും കടലാസില്‍ ഉറങ്ങുന്നത് ഇക്കാരണത്താലാണെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.