കേരള ബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
February 15 2021
എറണാകുളം: കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. താല്‍ക്കാലിക, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സ്റ്റേ ചെയ്തത്. പി.എസ്.സി. ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. എന്നാല്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ സംസ്ഥന സര്‍ക്കാറിന്റെയും ബാങ്കിന്റെയും വിശദീകരണം തേടിയിരുന്നു. പുതുതായി രൂപികരിച്ച കേരള ബാങ്കില്‍ ചീഫ് എക്സിക്യൂട്ടീവ് മുതല്‍ പ്യൂണ്‍ വരെയുള്ള നിയമനം പി.എസ്.സി. വഴിയാണ് നടത്തേണ്ടതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശി എം.ലിജിത്താണ് കോടതിയെ സമീപിച്ചത്.
പി.എസ്.സി. വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കില്‍ വിവിധ തസ്തികകളില്‍ അപേക്ഷ നല്കാന് തനിക്കു യോഗ്യതയുണ്ടെന്നാണ് ലിജിത്ത് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തല്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി (കെ.സി.എസ്) നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ലയനം കണക്കാക്കി എല്ലാ ശാഖകളിലും കരാര്‍ അടിസ്ഥാനത്തില്‍ ഭരണപക്ഷത്തെ പാര്‍ട്ടി അനുഭാവികളെ നിയമിക്കുകയായിരുന്നു എന്നാണു പരാതി.