ശബരിമല ക്ഷേത്രനട നാളെ തുറക്കും
February 11 2021
പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല സന്നിധാനം 12നു വൈകീട്ട് അഞ്ചിനു തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തിലാണു ക്ഷേത്രം മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുക. തുടര്‍ന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറക്കും. പതിനെട്ടാം പടിക്കു മുന്നിലുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നി പകരും. ആദ്യ ദിനം വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കില്ല. ഭക്തരെ പ്രവേശിപ്പിക്കുകയുമില്ല.
13നു പുലര്‍ച്ചെ അഞ്ചിനാണു ക്ഷേത്ര നടയില്‍ വീണ്ടും ജ്യോതി തെളിയിക്കുക. രണ്ടാം ദിവസം ഭക്തര്‍ക്കു പ്രവേശിക്കാം. അന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. 5.20ന് മഹാഗണപതിഹോമവും ആറു മുതല്‍ 11 വരെ നെയ്യഭിഷേകവും നടക്കും. 7.30ന് ഉഷഃപൂജ, 1.45ന് ബ്രഹ്മരക്ഷസ്സ് പൂജ, 12ന് 25 കലശാഭിഷേകവും കളഭാഭിഷേകവും. 12.30ന് ഉച്ചപ്പൂജ കഴിഞ്ഞശേഷം ഒരു മണിക്കു ക്ഷേത്ര നട അടയ്ക്കും. വൈകുന്നേരം അഞ്ചിനു വീണ്ടും ദീപാരാധനയ്ക്കായി നട തുറക്കും. 6.45ന് പടിപൂജയും 8.30ന് അത്താഴ പൂജയും നടക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും കുംഭമാസത്തിലെ പൂജകള്‍ നടക്കുക. 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോറോണ നെഗറ്റീവ് പരിശോധനാ റിസള്‍ട്ട് ഉള്ളവര്‍ക്കും വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കും മാത്രമായിരിക്കും ദര്‍ശനാനുമതി. വെര്‍ച്വല്‍ ക്യൂ വഴി പാസ്സ് ലഭിക്കാത്തവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ വിരിവെക്കാന്‍ അനുമതിയില്ല. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം 17നു രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.