Finance

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.

മുംബൈ: ബജറ്റിനു ശേഷമുള്ളതും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാലു ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമായി നിലനിര്‍ത്തി. 
സമ്പദ്ഘടനയുടെ തിരിച്ചുവരവു പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണു വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്നു വായ്പാവലോകന സമിതി തീരുമാനിച്ചത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂല ഘടകമായാണ് ആര്‍.ബി.ഐ. വിലയിരുത്തുന്നത്.
ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസാണു നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബോണ്ട് വില്പനയിലൂടെയാണ് ആര്‍.ബി.ഐ. വിപണിയില്‍ ഇടപെടല്‍ നടത്തിയത്. ഇതോടെ ബോണ്ടില്‍ നിന്നുള്ള ആദായം കുതിച്ചുകയറുകയും ചെയ്തു.
 
.

Back to Top