News

കോവിഡ് വാക്‌സീന് ഹനുമാനെ ഓര്‍മിപ്പിച്ച് ഭാരതത്തിന് ബ്രസീലിന്റെ നന്ദി; രാമായണം ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ഭാരതം കോവിഡ് പ്രതിരോധ വാക്‌സീന്‍ ലഭ്യമാക്കിയതിനെ ഹനുമാന്‍ മൃതസഞ്ജീവനി എത്തിച്ചതുമായി താരതമ്യംചെയ്ത് ബ്രസീല്‍ പ്രതികരിച്ചതു സാമൂഹ്യ മാധ്യമങ്ങളില്‍ രാമായണത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ പങ്കുവെച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് രാമായണ സന്ദര്‍ഭം പരാമര്‍ശിക്കപ്പെട്ടത്. ഇതോടെ, ബ്രസീല്‍ രാജ്യത്തലവന്‍ പങ്കുവെച്ച ചിത്രം എന്തിനെക്കുറിച്ചാണ് എന്നതു സംബന്ധിച്ചു ചര്‍ച്ച സജീവമാവുകയും ചെയ്തു. ഭാരതത്തില്‍നിന്ന് ബ്രസീലിലേക്കു കയ്യില്‍ മലയുമായി കടല്‍ ചാടുന്ന ഹനുമാന്റെ ചിത്രം ട്വീറ്റില്‍ ബ്രസീല്‍ പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്.
രാമായണത്തില്‍ രാമ-രാവണ യുദ്ധത്തിനിടെയുള്ള രംഗമാണ് ഇതിലൂടെ ഓര്‍മിപ്പിക്കപ്പെടുന്നത്. ലക്ഷ്മണനെതിരെ രാവണപുത്രനായ ഇന്ദ്രജിത്ത് ബ്രഹ്‌മാസ്ത്രം തൊടുത്തുവിട്ടപ്പോള്‍ ലക്ഷ്മണനും വാനരപ്പടയിലെ കുരങ്ങന്‍മാരും ബോധരഹിതരായി. ഇവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി മൃതസഞ്ജീവനി ചെടി ലങ്കയിലെത്തിക്കാന്‍ ഹനുമാന്‍ നിയോഗിക്കപ്പെട്ടു. മരുത്വാമലയിലെത്തിയ ഹനുമാനു പക്ഷേ, മൃതസഞ്ജീവനി തിരിച്ചറിയാന്‍ സാധിച്ചില്ല. തുടര്‍ന്നു പര്‍വതമൊന്നാകെ ഇളക്കി അതുമായി ലങ്കയിലേക്ക് മടങ്ങി എന്നാണു രാമായണത്തില്‍ പറയുന്നത്. 
വാക്‌സീന്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഹനുമാന്‍ ചിത്രത്തില്‍ ധന്യവാദ് ഭാരത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. നമസ്‌കാരം പറഞ്ഞുകൊണ്ടാണ് ബ്രസീല്‍ പ്രസിഡന്റ് ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ബ്രസീലിയന്‍ ഭാഷയിലുള്ളതാണ് ട്വീറ്റ്. പ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യ പോലുള്ള മഹത്തായ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബോള്‍സോനാരോ വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ ബ്രസീലിനു സഹായമേകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. 
20 ലക്ഷം ഡോസ് വാക്‌സീനാണ് ബ്രസീലിലേക്ക് ഭാരതം അയച്ചത്. പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സീനാണു ബ്രസീലിനു നല്‍കിയത്. 20 ലക്ഷം ഡോസിനുള്ള കരാര്‍ ബ്രസീല്‍ നേരത്തേ ഒപ്പിട്ടിരുന്നു. വാക്‌സീന്‍ കൊണ്ടുപോകുന്നതിനായി വിമാനം ഭാരതത്തിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്തു വിതരണം ചെയ്തു തുടങ്ങിയ ശേഷം മാത്രമേ കയറ്റുമതി നടത്തുകയുള്ളൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ബ്രസീലിനു പുറമെ മറ്റു പല രാജ്യങ്ങളും ഭാരതത്തോട് കോവിഡ് പ്രതിരോധ വാക്‌സീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സീനായി ഇതുവരെ 92 രാജ്യങ്ങളാണ് ഭാരതത്തെ സമീപിച്ചിരിക്കുന്നത്. ക്രമേണയായിരിക്കും വിദേശ രാജ്യങ്ങളിലേക്കു വാക്‌സീന്‍ അയക്കുന്നത്. അയല്‍രാജ്യങ്ങള്‍ ആദ്യമെന്ന നയം ഇക്കാര്യത്തില്‍ പാലിച്ചേക്കും. 
അതിനിടെ, പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായത് വാക്‌സീന്‍ ഉല്‍പാദനത്തിനു തിരിച്ചടി സൃഷ്ടിക്കുമോ എന്ന ആശങ്കയുണ്ട്. തീപ്പിടിത്തം വാക്‌സീന്‍ ഉല്‍പാദനത്തെ ബാധിക്കില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പ്രതികരിച്ചിരുന്നത്. അതേസമയം, വാക്‌സീന്‍ കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വാക്‌സീന്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണു ബ്രസീലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വാകീസന്‍ ലഭ്യമാക്കാനുള്ള നീക്കമാണ് ബ്രസീല്‍ ഭരണകൂടം നടത്തുന്നത്. ലോകത്ത് യു.എസ്.എ. കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ രാജ്യമാണ് ബ്രസീല്‍. അര്‍ജന്റീന, ചിലി തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ വാക്‌സീന്‍ നല്‍കിത്തുടങ്ങി എന്നതും ബ്രസീലിനു മേല്‍ സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.
 
.

Back to Top