Sanathanam

മെല്ലെ മെല്ലെ മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം സര്‍ക്കാര്‍ ഇല്ലാതാക്കി

കോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ കാലാവധി തികയുമ്പോഴും മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണവും സേവന വേതന വ്യവസ്ഥകളും വ്യവസ്ഥാപിതമാക്കാനുള്ള നിയമം രൂപീകരിക്കപ്പെട്ടില്ല. സര്‍ക്കാരിനു താല്‍പര്യമില്ലാത്തതിനാല്‍ നിയമം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ബോധപൂര്‍വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം. 
കാലാകാലങ്ങളായുള്ള ആവശ്യമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി സമഗ്ര നിയമം വേണമെന്നത്. ഇത്തരത്തിലൊരു നിയമമുണ്ടാക്കാന്‍ കേരള ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി വരുത്തിയെങ്കിലും ഒച്ചിഴയും വേഗമായിരുന്നു പ്രവര്‍ത്തനത്തിന്. നടപടിക്രമങ്ങള്‍ വൈകിയെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. മലബാര്‍ ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് എന്‍ഡോവ്മെന്റ് ബില്‍ തയ്യാറാക്കാന്‍ ഏറെ കാലമെടുത്തു എന്ന് അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് പരിശോധിക്കുന്നതിനായി ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനായുള്ള കേരള ലോ റിഫോംസ് കമ്മിഷന് കൈമാറി. കമ്മിഷന്‍ പരിശോധിക്കാന്‍ വൈകിയെന്ന കുറ്റപ്പെടുത്തലും മന്ത്രി നടത്തി. പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനവും കഴിഞ്ഞ സാഹചര്യത്തില്‍ ലോ റിഫോംസ് കമ്മിഷന്‍ നിര്‍ദേശിച്ച തിരുത്തലുകള്‍ വരുത്തി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഇനി അവസരമില്ല. അടുത്ത സര്‍ക്കാരിനു ബില്‍ സംബന്ധിച്ച് എന്തു തീരുമാനവും കൈക്കൊള്ളുകയും ചെയ്യാം. 
നിയമ വ്യവസ്ഥകള്‍ കൃത്യമല്ലാത്തതിനാല്‍, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ നടത്തിപ്പു കുത്തഴിഞ്ഞ നിലയിലാണ്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടും. നിയമം യാഥാര്‍ഥ്യമാകാത്തതിനാല്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സ്ഥിരീകരിക്കപ്പെടില്ല. തുച്ഛമായ ശമ്പളമാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഈ സ്ഥിതി ഇനിയും തുടരുമെന്നു ചുരുക്കം. 
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പല ക്ഷേത്രങ്ങളിലും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ശമ്പള കുടിശ്ശിക നല്‍കണമെന്നും ശമ്പളം പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ കോഴിക്കോട് ബോര്‍ഡ് ആസ്ഥാനത്തു സമരം ആരംഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട സി.പി.ഐ.എം. നേതാവ് എം.ആര്‍.മുരളിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ഉറപ്പുകള്‍ നല്‍കിയതിനെത്തുടര്‍ന്നാണു സമരം പിന്‍വലിച്ചത്. ശമ്പള കുടിശ്ശിക തീര്‍ക്കുന്നതിനായി 10 കോടി രൂപ മലബാര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിപ്പുണ്ടായതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായില്ല. ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് മന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം, പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായുള്ള സമഗ്ര നിയമം രൂപീകരിക്കുമെന്ന വാഗ്ദാനം നടപ്പാക്കപ്പെടാത പോയി. 
കോടതിനിര്‍ദേശം ഉടന്‍ നടപ്പാക്കാന്‍ ശബരിമല സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തിയ ശുഷ്‌കാന്തി നേരത്തേ കണ്ടതാണ്. യുവതീപ്രവേശം അനുവദിച്ച ഉടന്‍ സര്‍ക്കാര്‍ അവിശ്വാസികളായ യുവതികളെ തേടിപ്പിടിച്ചു പോലും വിധി നടപ്പാക്കിയിരുന്നു. കോടതിവിധി മറയാക്കി സര്‍ക്കാര്‍ ആചാര ലംഘനം നടത്തുകയാണ് എന്നു വിശ്വാസികള്‍ ആരോപിച്ചപ്പോള്‍ കോടതിവിധി നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത് എന്നും മറ്റു താല്‍പര്യങ്ങളില്ല എന്നുമാണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിശദീകരണം. ഏതായാലും ശബരിമലയെ സംബന്ധിച്ച വിധി നടപ്പാക്കുന്നതില്‍ അതിജാഗ്രത പുലര്‍ത്തിയ കേരള സര്‍ക്കാരിന് മലബാര്‍ ദേവസ്വം ബോര്‍ഡിനു സമഗ്ര നിയമം നടപ്പാക്കണമെന്ന, വിവാദ സാധ്യത ഒട്ടുമില്ലാത്തതും എത്രയോ പേര്‍ക്കു ഗുണകരവുമായ വിധി, നടപ്പാക്കുന്നതില്‍ താല്‍പര്യമേ ഇല്ല. 
 
.

Back to Top