News

മലബാര്‍ ദേവസ്വം ബോര്‍ഡ്: ശമ്പളം കൊടുക്കും; നിയമം വരില്ല

തരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു. ശമ്പളം വൈകുന്നതിനു കാരണം സര്‍ക്കാരല്ല എന്നു ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. മുസ്ലീം ലീഗിലെ കെ.എന്‍.എ.ഖാദര്‍ ചോദിച്ച ചോദ്യത്തിനാണു വിചിത്രമായ വിശദീകരണം മന്ത്രി നല്‍കിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആയിരത്തിലേറെ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പല പ്രാവശ്യം സഭയുടെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടു ഫലമുണ്ടായില്ല എന്നായിരുന്നു ഖാദറിന്റെ പരാതി.
ഖാദറിന്റെ ചോദ്യത്തിനു ദേവസ്വം മന്ത്രി നല്‍കിയ മറുപടി മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്തതിന് സര്‍ക്കാരല്ല ഉത്തരവാദി എന്ന രീതിയിലാണ്. ക്ഷേത്രങ്ങളിലെ വരുമാനക്കണക്കു യഥാസമയം കിട്ടാത്തതാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് മന്ത്രിയുടെ നിലപാട്. 
വിശ്വാസികളില്‍നിന്ന് ബലംപ്രയോഗിച്ച് അമ്പലങ്ങള്‍ പിടിച്ചെടുത്തശേഷം വരുമാനക്കണക്കു ലഭിച്ചില്ല എന്നതുപോലുള്ള നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശമ്പളം നിഷേധിക്കുകയാണ് എന്നാണ് ആരോപണം. നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് ഇത്തരം വീഴ്ചകള്‍ക്കു കാരണമെന്നും ആരോപണമുണ്ട്. ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനക്കണക്കു നേടിയെടുക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിന്റേതു തന്നെയാണ്. മറ്റാരെയും കുറ്റപ്പെടുത്തി മാറിനില്‍ക്കാന്‍ സാധിക്കില്ല. അതേസമയം, മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നു മന്ത്രി വെളിപ്പെടുത്തി. ശമ്പള കുടിശ്ശിക നല്‍കുന്നതിനായി 10 കോടി രൂപ മലബാര്‍ ദേവസ്വം ബോര്‍ഡിനു കൈമാറി.
മലബാര്‍ ദേവസ്വം ബോര്‍ഡിനായി സമഗ്ര നിയമം കൊണ്ടുവരണമെന്ന് കേരള ഹൈക്കോടതി വര്‍ഷങ്ങള്‍ക്കുമുന്‍പു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപ്പാക്കപ്പെട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്തും അതുണ്ടാവില്ല. നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ ബില്‍ ഈ സര്‍ക്കാരിന്റെ അവസാന സമ്മേളനത്തിലും സഭയില്‍ വെക്കാന്‍ സാധിച്ചില്ല എന്നാണു വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രനു നല്‍കാനുള്ള വിശദീകരണം. 
 
.

Back to Top