സ്പീക്കര്‍ക്കെതിരായ പ്രമേയം സഭ തള്ളി
January 21 2021
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം സഭ തള്ളി. പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കു സ്പീക്കര്‍ നല്കിയ മറുപടി തൃപ്തികരമല്ല എന്ന് ആരോപിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനു പിറകെയാണു പ്രമേയം തള്ളിയത്.
ശൂന്യതയില്‍നിന്നു കെട്ടിപ്പൊക്കിയ കഥയാണു തന്നെ സംബന്ധിച്ചു സ്വര്‍ണക്കടത്തു കേസില്‍ ഉണ്ടായതെന്ന് ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. സര്‍ക്കാരിനെ അടിക്കാന്‍ സാധിക്കാത്തതിനാല്‍ സ്പീക്കറെ അടിക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ കട ഉദ്ഘാടനം ചെയ്യാന്‍ പോയത് അവരെക്കുറിച്ച് അന്വേഷിക്കാതെയാണ്. ക്ഷണിക്കപ്പെടുന്ന എല്ലാ ചടങ്ങുകളും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അന്വേഷിക്കുകയെന്നതു പൊതു പ്രവര്‍ത്തകര്‍ക്കു പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തം വ്യക്തമാക്കുന്നു എന്നാണു മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിം ലീഗ് നേതാവായ എം.ഉമ്മറാണ് സ്പീക്കറില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.