തമിഴ്നാട്ടില്‍ മാത്രം 50 കോടി ക്ലബില്‍ കയറി ''മാസ്റ്റര്‍'' കലക്ഷന്‍: വൈകാതെ ഹിന്ദിയില്‍ എത്തിയേക്കും
January 16 2021
ചെന്നൈ: ഇളയദളപതി വിജയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച 'മാസ്റ്റര്‍' തിയറ്ററുകളില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്നു. വൈകാതെ ഹിന്ദി പതിപ്പ് ഇറങ്ങിയേക്കും. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ മുരാഡ് ഖേതാനിയും സെവന് സ്ക്രീന്‍ സ്റ്റുഡിയോയുമാണ് ഹിന്ദി പതിപ്പ് അനൗന്‍സ് ചെയ്തിരിക്കുന്നത്. വിജയിനും വിജയ് സേതുപതിക്കും പകരം ഹിന്ദയില്‍ ആരാണെത്തുക എന്നതു വ്യക്തമായിട്ടില്ല.
ലോക്ഡൗണിന് ശേഷം തിയറ്ററുകള്‍ തുറന്നതോടെ ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്റര്‍'. ചിത്രം തിയറ്ററില്‍ മാത്രമേ റിലീസ് ചെയ്യു എന്ന് വിജയ് അറിയിച്ചിരുന്നു. ജനുവരി 13നായിരുന്നു റിലീസ്. മൂന്നു ദിവസം കൊണ്ട് 55 കോടിയിലധികം രൂപ തമിഴ്നാട്ടില്‍ വരുമാനം ലഭിച്ചു. 50 ശതമാനം സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിച്ചാണ് പ്രദര്‍ശനം. വന്‍ താരനിരയോടെ എത്തിയ ചിത്രം കേരളത്തിലും മികച്ച കലക്ഷന്‍ സ്വന്തമാക്കുന്നുണ്ട്. മികച്ച താരനിരയ്ക്കൊപ്പം ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമുള്ള തിയറ്റര്‍ അനുഭവം എന്നതും മികച്ച ഗാനങ്ങളുള്ള ചിത്രമാണ് 'മാസ്റ്റര്‍'എന്നതും കാണികളെ ആകര്‍ഷിച്ചു എന്നാണ് അനുമാനം.