മൂന്നാര്‍ വിനോദസഞ്ചാരം: കെ.എസ്.ആര്.ടി.സിയുടെ പദ്ധതി ശ്രദ്ധ പിടിച്ചുപറ്റുന്നു
January 13 2021
ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി കെ.എസ്.ആര്.ടി.സി. നടപ്പാക്കിയ സ്ലീപ്പര്‍ ബസ്സിനും സൈറ്റ് സീയിങ് സര്‍വീസിനും മികച്ച പ്രതികരണം. ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്ന സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിച്ച നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ തിരക്കു വര്‍ധിച്ചതോടെ വരുമാനം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ മൂന്നാറില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെ.എസ്.ആര്.ടി.സിയുടെ സി.എം.ഡി.യായ ബിജുപ്രഭാകര്‍ അറിയിച്ചു. നിലവില്‍ ഒരു ബസില്‍ 16 സ്ലീപ്പര്‍ സീറ്റുകളാണുള്ളത്. മൂന്ന് ബസുകളിലായി 48 സ്ലീപ്പര്‍ സീറ്റുകളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാറിലേക്കായി രണ്ട് ഡൈഡിലും എട്ടു സ്ലീപ്പര്‍ വീതം രണ്ട് കമ്പാര്ട്ട്മെന്റായുള്ള ബസിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു.
സൈറ്റ് സീയിങ്ങിന് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍നിന്നു രാവിലെ ഒന്പതിനു പുറപ്പെടുന്ന സര്‍വീസ് ടോപ്പ് സ്റ്റേഷന്, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫ്ളവര്‍ ഗാര്ഡന് വഴി സഞ്ചരിച്ചു തിരിച്ചെത്തും. ഒരോ പോയിന്റിലും ഓരോ മണിക്കൂര്‍ സഞ്ചാരികള്‍ക്കു ലഭിക്കും. പുതുതായി ടാറ്റ റ്റീ മ്യൂസിയത്തിലും സ്റ്റോപ്പ അനുവദിച്ചിട്ടുണ്ട്. ടീ മ്യൂസിയത്തില്‍ എത്തുന്ന കെ.എസ്.ആര്.ടി.സി. യാത്രക്കാര്‍ക്കു പ്രത്യേക പരിഗണന ലഭിക്കും. വഴിയില്‍ ഭക്ഷണം കഴിക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചാരിക്കാന്‍ ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.