Cinema

ചലച്ചിത്രത്തിന്റെ 125ാം വാര്‍ഷികം മലയാള ചലച്ചിത്ര ലോകം ആഘോഷിക്കുന്നത് ഇങ്ങനെ

എം.എന്‍.സുന്ദര്‍രാജ്
ലൂമിയര്‍ സഹോദരങ്ങള്‍ 1895ല്‍ ചലിക്കുന്ന ചിത്രങ്ങള്‍ പുറത്തിറക്കിയതോടെ ലോകമെമ്പാടും ജനങ്ങളെ വിസ്മയിപ്പിച്ചു തുടങ്ങിയ ചലച്ചിത്ര വ്യവസായം 125ാമതു വാര്‍ഷികം ആഘോഷിക്കുന്നത് കോവിഡ് മഹാമാരിയില്‍ ചലനം നഷ്ടപ്പെട്ട് അതിജീവനത്തിനായുള്ള പിടച്ചിലോടെയാണ്.
പത്തു മാസമായി തിയറ്ററുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണു ചലച്ചിത്രലോകം. 2019ല്‍ 192 മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കില്‍ 2020ല്‍ ഒ.ടി.ടി., ടിവി റിലീസുകള്‍ ഉള്‍പ്പെടെ 46 ചിത്രങ്ങള്‍ മാത്രമാണു പുറത്തിറങ്ങിയത്. സൂഫിയും സുജാതയും, സീ യു സൂണ്‍, ഹലാല്‍ ലവ് സ്റ്റോറി എന്നീ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെയും മണിയറയിലെ അശോകന്‍ നെറ്റ് ഫ്‌ളിക്‌സിലൂടെയും കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഏഷ്യാനെറ്റ് ടെലിവിഷനിലൂടെയും ആണ് റിലീസ് ചെയ്യപ്പെട്ടത്.
തീയറ്റര്‍ റിലീസ് ചെയ്തവയിലാകട്ടെ അഞ്ചാംപാതിര, അയ്യപ്പനുംകോശിയും, ഫോറന്‍സിക്, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങള്‍ മാത്രമാണു സാമ്പത്തിക വിജയം നേടിയത്. മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍, മമ്മൂട്ടിയുടെ ഷൈലോക്ക് എന്നീ സൂപ്പര്‍താര ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും മുതല്‍മുടക്കില്‍ നിര്‍മിച്ച മോഹന്‍ലാലിന്റെ 'മരയ്ക്കാര്‍: അറബിക്കടലിലെ സിംഹം' കോവിഡ് സാഹചര്യത്തില്‍ റിലീസ് ചെയ്യാതെ കാത്തിരിക്കുകയാണ്. വൈകിയാണെങ്കിലും ഇപ്പോള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ആശ്വാസത്തിലാണു ചിത്രത്തിനു പിന്നിലുള്ളവരും മോഹന്‍ലാല്‍ ആരാധകരും. മമ്മൂട്ടിയുടെ വണ്‍, ദ പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക് തടങ്ങി മറ്റു പല ചിത്രങ്ങളും റിലീസ്  നീട്ടിവെക്കപ്പെട്ടവയാണ്. ഷൂട്ടിങ്ങും റിലീസും മുടങ്ങിയതു കാരണം മലയാള ചലച്ചിത്രരംഗത്ത് മാത്രം കോടികളുടെ വരുമാനവും പതിനായിരങ്ങളുടെ തൊഴിലുമാണു നഷ്ടമായത്. 
അതേസമയം, ചലച്ചിത്ര മേഖലയില്‍ കാര്യമായ പരിവര്‍ത്തനത്തിനു രാജ്യം സാക്ഷിയാവുകയാണ്. ഇന്ത്യയില്‍ ഒ.ടി.ടി. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ 2.2 കോടി ഒ.ടി.ടി. വരിക്കാര്‍ ഉണ്ടായിരുന്നത് കഴിഞ്ഞ ജൂലൈയോടെ 2.9 കോടിയായി വര്‍ധിച്ചു. 2019 മാര്‍ച്ചില്‍ 4250 കോടി രൂപയായിരുന്നു ഈ മേഖലയിലെ വരുമാനം. 2025 ആകുമ്പോഴേക്കും ഇത് 24000 കോടി രൂപയായി വര്‍ധിക്കുമെന്നാണു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഒ.ടി.ടി. വിപണിയാണ് ഇന്ത്യയിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 28 ശതമാനമാണ് ഇന്ത്യയിലെ വളര്‍ച്ച നിരക്ക്. ഇന്ത്യയില്‍ തിയറ്ററുകളുടെ ബോക്‌സ് ഓഫിസ് വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രമായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ ഓണ്‍ ഡിമാന്റിലൂടെയുള്ള വരുമാനം. എന്നാല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് ബോക്‌സ് ഓഫിസ് വരുമാനം 2.6 ശതമാനം കുറയുമെന്നും ഒ.ടി.ടി. വരുമാനം 30.8 ശതമാനം വര്‍ധിച്ച് തിയറ്ററുകളുടെ വരുമാനത്തെ മറികടക്കുമെന്നും ആണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സിന്റെ മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിഭീമമായ നിക്ഷേപവുമായി ഇന്ത്യന്‍ ഒ.ടി.ടി. വിപണിയില്‍ ആഗോള കുത്തകകള്‍ കടന്നുവരുമ്പോള്‍ അതിനെ എങ്ങിനെ നേരിടുമെന്ന ആശങ്കയിലാണു പരമ്പരാഗത ചലച്ചിത്ര രംഗം.
'ദൃശ്യം 2' ആമസോണ്‍ പ്രൈമിലൂടെ റിലീസ ചെയ്യുന്നതിനെതിരെയുള്ള തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധം ഈ ആശങ്കയുടെ പ്രതിഫലനമാണ്. ജനുവരി അഞ്ചു മുതല്‍ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എങ്കിലും ഉടനെയൊന്നും കടുംബ പ്രേക്ഷകര്‍ തിയറ്ററുകളില്‍ എത്തുമെന്ന പ്രതീക്ഷ നിര്‍മാതാക്കള്‍ക്ക് ഇല്ല. അതുകൊണ്ടുതന്നെ വന്‍കിട ചിത്രങ്ങളുടെ റിലീസ് ഇനിയും വൈകും. 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' 2021 മാര്‍ച്ച് 26ന് ഇറങ്ങുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും ഒടുവില്‍ തിയറ്റര്‍ റിലീസ് നടന്ന 2020 മാര്‍ച്ച് നാലു വരെ 41 ചിത്രങ്ങള്‍ മാത്രമാണു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയതെങ്കിലും 120 ചിത്രങ്ങള്‍ സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടു്. എഴുപത്തി അഞ്ചോളം ചിത്രങ്ങള്‍ക്കായി കോടികള്‍ മുടക്കിയ നിര്‍മാതാക്കള്‍ തിയറ്റര്‍ കാത്തിരിക്കുകയാണ്. നേരത്തെ സൂപ്പര്‍ താര ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം വന്‍തുക മുടക്കി വാങ്ങിയിരുന്ന ടെലിവിഷന്‍ ചാനലുകള്‍ അത്രയും തുക തിരിച്ചുകിട്ടില്ലെന്നു പറഞ്ഞ് പിന്നീട് സാറ്റലൈറ്റ് റൈറ്റ് കുത്തനെ കുറച്ചിരുന്നു. ഈ അനുഭവം ഒ.ടി.ടി. വിപണിയിലും നേരിടേണ്ടിവരുമോ എന്ന ഭയം നിര്‍മാതാക്കള്‍ക്കുണ്ട്. എഴുന്നൂറോളം തിയറ്ററുകള്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ അടഞ്ഞുകിടക്കുകയാണെങ്കിലും പ്രതിസന്ധികള്‍ക്കൊപ്പം പ്രത്യാശകള്‍ നിറഞ്ഞ പുതുവര്‍ഷത്തിലേക്കാണു ചലച്ചിത്ര മേഖല പ്രവേശിച്ചിരിക്കുന്നത്.
 
.

Back to Top