Finance

വിദ്യാര്‍ഥികളും യുവാക്കളും മൊബൈല്‍ ആപ് വായ്പാ കുരുക്കില്‍ പെടുന്നു

കോഴിക്കോട്: ആകര്‍ഷകമായ വായപ് എന്ന വാഗ്ദാനവുമായി അധോലോക സംഘം വലവിരിക്കുന്നു. ഇവരുടെ വലയില്‍ പെടുന്നതാകട്ടെ ഏറയും വിദ്യാര്‍ഥികളും യുവാക്കളും. ഓരോ നിമിഷവും എത്രയോ പേരാണ് മൊബൈല്‍ ആപ് വായ്പാ കുരുക്കില്‍ പെടുന്നത്. ഭീഷണിയും അപമാനവും നിമിത്തം പലരും വായ്പത്തുകയിലും എത്രയോ ഏറെ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. അപ്പോഴും വായ്പാ കുരുക്ക് അഴിയുന്നില്ല. 
ഗൂഢതന്ത്രത്തോടുകൂടിയാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു സംഘങ്ങള്‍ രംഗത്തുള്ളത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ വ്യക്തികളുടെ ഫോണ്‍ കോണ്ടാക്ട്, ഇ-മെയില്‍ കോണ്ടാക്റ്റുകള്‍, എസ്.എം.എസ്സുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നേടിയെടുത്താണ് വായ്പാ തട്ടിപ്പുകാര്‍ വിലസുന്നത്. തട്ടിപ്പുകാരില്‍ കൂടുതലും ഹിന്ദി സംസാരിക്കുന്നവരാണ്. വായ്പ ആവശ്യമുണ്ടോ എന്ന ചോദ്യവുമായോ നിങ്ങള്‍ക്ക് വായ്പ അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പുമായോ ആണ് വായ്പാ തട്ടിപ്പുകാര്‍് വ്യക്തികളെ ബന്ധപ്പെടുന്നത്. ഉടന്‍ തന്നെ വായ്പാത്തുക അക്കൗണ്ടിലെത്തും, കുറഞ്ഞ പലിശയേ ഉള്ളൂ എന്നു തുടങ്ങിയ വാഗ്ദാനങ്ങളിലാണ് പലരും വീഴുന്നത്. വായ്പയെടുക്കാന്‍ താല്‍പര്യമുള്ളവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതുവഴി ആശയവിനിമയം നടത്താന്‍ ക്ഷണിക്കുന്നു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ തുടങ്ങിയ രേഖകള്‍ അപ് ലോഡ് ചെയ്യുന്ന മുറയ്ക്കു വായ്പ ലഭ്യമാകുമെന്നാണു നല്‍കുന്ന വിശീദകരണം. 
എന്നാല്‍ അപേക്ഷയും രേഖകളും കയ്യില്‍ കിട്ടുന്നതോടെ തട്ടിപ്പു സംഘങ്ങളുടെ സ്വഭാവം മാറും. പലപ്പോഴും വാഗ്ദാനം ചെയ്തതിലും വളരെ കുറഞ്ഞ തുക മാത്രമേ വായ്പപ്പണമായി അക്കൗണ്ടിലെത്തുകയുള്ളൂ. പ്രോസസിങ് ചാര്‍ജ് പോലുള്ള ചെലവുകള്‍ കിഴിച്ചു എന്നായിരിക്കും തുക കുറഞ്ഞതെന്തേ എന്ന ചോദ്യത്തിനു ലഭിക്കുന്ന മറുപടി. വായ്പ ലഭ്യമാക്കി ദിവസങ്ങള്‍ക്കകം തന്നെ ആകെ തിരിച്ചടവോ പലിശ തിരിച്ചടവോ ഒക്കെ ചോദിച്ച് കോളുകള്‍ ലഭിച്ചുതുടങ്ങും. അപ്പോഴായിരിക്കും കൊള്ളപ്പലിശയുള്ള വായ്പയാണു ലഭിച്ചിരിക്കുന്നത് എന്നു ബോധ്യപ്പെടുക. 
തിരിച്ചടവു മുടങ്ങുന്നപക്ഷം ക്രൂരമായ നടപടികളിലേക്കാണു വായ്പാത്തട്ടിപ്പു സംഘം കടക്കുക. വന്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തും. അതിനു വഴങ്ങാത്തവരോട് ഫോണിലും മെയ്‌ലിലും കോണ്‍ടാക്റ്റ് ലിസറ്റില്‍ ഉള്ളവര്‍ക്കെല്ലാം താങ്കള്‍ സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം അയക്കുമെന്നു ഭീഷണിപ്പെടുത്തും. വായ്പയെടുത്ത ആളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനായി കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ വിളിച്ചു പരാതി പറയുകയും ചെയ്യും. ബന്ധുക്കളായ സ്ത്രീകളെ മോശമായി ചിത്രീകരിക്കും എന്നത് ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഉയര്‍ത്തും. 
ബാങ്കുകളില്‍നിന്നു വായ്പ ലഭിക്കാത്തവരോ നീണ്ട നടപടിക്രമങ്ങള്‍ പാലിക്കണമെന്നതിനാല്‍ വായ്പയ്ക്ക് ബാങ്കുകളെ സമീപിക്കാന്‍ മടിക്കുന്നവരോ ആണു കൂടുതലും കുരുക്കില്‍ പെടുന്നത്. അടിയന്തര ആവശ്യത്തിനു വായ്പ തേടുന്ന യുവാക്കളും വിദ്യാര്‍ഥികളുമണു വലയിലാകുന്നതില്‍ ഏറെയും. ഇക്കൂട്ടത്തില്‍ രക്ഷകര്‍ത്താക്കളെയോ മുതിര്‍ന്നവരെയോ അറിയിക്കാതെ വായ്പ വഴി പെട്ടെന്നു പണം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്. സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ മനസ്സിലാക്കി പണത്തിന്റെയോ വായ്പയുടെയോ ആവശ്യക്കാരെ തേടിപ്പിടിച്ച് അവരെ വലയില്‍ വീഴ്ത്തുകയാണു തട്ടിപ്പുകാര്‍ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തില്‍ വിവിധ ജില്ലകളില്‍ മൊബൈല്‍ ആപ് വായ്പ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരികയാണ്. പൊലീസ് അന്വേഷണം ശക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
 
.

Back to Top