അഞ്ജു ബോബി ജോര്‍ജ് രാഷ്ട്രീയത്തിലേക്ക്: ബി.ജെ.പിയിലേക്ക്; മന്ത്രി ആയേക്കും
December 22 2020
കോഴിക്കോട്: ലോങ് ജംപ് താരമായ കായിക പ്രതിഭ അഞ്ജു ബോബി ജോര്‍ജ് രാഷ്ട്രീയത്തിലേക്ക്. ബി.ജെ.പിയില്‍ ചേരുമെന്നും മലയാളിയാണെങ്കിലും അവര്‍ കര്‍ണാടക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെന്നും ആണു സൂചന. അഞ്ജുവിനെ എം.പിയാക്കാനോ കേന്ദ്രത്തിലോ കര്‍ണാടകയിലോ മന്ത്രിയാക്കാനോ ബി.ജെ.പി. തയ്യാറായേക്കും. അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി. രാഷ്ട്രീയത്തിന്റെ ഭാഗമാകുമെന്നു നേരത്തേ തന്നെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ജോലി രാജിവെച്ചതോടെ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതായാണ് അനുമാനം.
രാജ്യത്തെ മികച്ച കായിക താരങ്ങളില്‍ ഒരാളാണ് അഞ്ജു. ലോങ് ജംപില്‍ വളരെയധികം നേട്ടങ്ങള്‍ അവരെ തേടിയെത്തിയിട്ടുുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുവരുന്ന അവര്‍ കര്‍ണാടകയിലെ കായിക അസോസിയേഷന് പ്രതിനിധിയായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ കസ്റ്റംസ് സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്ന അഞ്ജു അടുത്തിടെ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് അംഗീകരിക്കപ്പെട്ടു. ജോലി രാജിവെച്ച സാഹചര്യത്തില്‍ വൈകാതെ ഉന്നത രാഷ്ട്രീയ പദവികളിലൊന്നില്‍ അവര്‍ നിയോഗിക്കപ്പെടുമെന്നാണു സൂചന.
അഞ്ജുവിനെ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ നേരത്തേ മുതല്‍ തന്നെ ബി.ജെ.പി. ശ്രമിക്കുന്നതായി റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. മലബാറിലെ പ്രമുഖ കത്തോലിക്കാ കുടുംബത്തിലെ അംഗമാണ് അഞ്ജു ബോബി ജോര്‍ജ്. പരേതനായ ലോകപ്രശസ്ത വോളിബോര്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന്റെ ഭാര്യയാണ്. ക്രൈസ്തവ ജനതയെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന് അഞ്ജുവിനെ പോലെയുള്ളവരെ കൂടെനിര്ത്തുന്നതു നേട്ടമാകുമെന്നാണു ബി.ജെ.പി. കരുതുന്നത്. ഇതു കേരളത്തില്‍ മാത്രമല്ല, കര്‍ണാടകത്തിലും ഗുണംചെയ്യുമെന്നും കണക്കാക്കപ്പെടുന്നു. കര്‍ണാടകയിലെ പാര്‍ട്ടി നേതൃത്വവുമായി അഞ്ജു അടുത്ത ബന്ധം പുലര്‍ത്തിവരുന്നുണ്ട്. മുഖ്യമന്ത്രി യദിയൂരപ്പ മുതലുള്ളവരുമായി വ്യക്തിബന്ധവുമുണ്ട്.