യുവനടിയെ അപമാനിച്ച കേസ്: സി.സി.ടി.വി.ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
December 19 2020
കൊച്ചി: ഇടപ്പള്ളി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ യുവ നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഇടപ്പള്ളി മെട്രോ സ്റ്റേഷന്, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന് എന്നിവടങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഷോപ്പിങ് മാളിന്റെ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പര്‍ നല്‍കാതെ കബളിപ്പിച്ച് അകത്തു കടന്നതിനാല്‍ അതു വഴിയുള്ള അന്വേഷണം മുടങ്ങിയതോടെയാണ് മറ്റൊരു മാര്‍ഗം പൊലീസ് പരീക്ഷിക്കുന്നത്.
17നു വൈകീട്ട് 5.45നാണു പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. രണ്ടു മണിക്കൂറോളം ഇവര്‍ മാളില്‍ ചെലവഴിച്ചു. രാത്രി 7.02നാണു നടിയോടു മോശമായി പെരുമാറുന്നത്. 7.45നു പ്രതികള്‍ പുറത്തിറങ്ങുന്നതായാണ് മാളിലെ ദൃശ്യങ്ങളില്‍ കാണുന്നത്. തുടര്‍ന്ന് ഇവര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതനും തെളിവുണ്ട്. രാത്രി ഇരുവരും ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍നിന്നു യാത്രതിരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു. മാസ്ക് ധരിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് പൊലീസിനെ കുഴക്കുന്ന മറ്റൊരു പ്രശ്നം.
പ്രതികള്‍ പ്രായപൂര്‍ത്തി ആയവരാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ചിത്രങ്ങള്‍ പുറത്തുവിടാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവം പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ പൊലീസ് സമ്മര്‍ദത്തിലായി. തുടര്‍ന്ന് വനിതാ കമ്മീഷനും യുവജന കമ്മിഷനും പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഈ സാഹര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്.
വ്യാഴാഴ്ചയാണ് യുവനടിക്ക് നേരെ നഗരത്തിലെ ഷോപ്പിങ് മാളില്‍ വെച്ച് ദുരനുഭവമുണ്ടായത്. ഇക്കാര്യം നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.