ദേവസ്വം ബോര്‍ഡ് വിവേകം കാട്ടിയില്ലെങ്കില്‍ ശബരിമല കോവിഡ് കേന്ദ്രമാകും: സ്വാമി ചിദാനന്ദ പുരി
December 18 2020
കോഴിക്കോട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവേകപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശബരിമല കോവിഡ് വ്യാപന കേന്ദ്രമായി മാറുമെന്ന് സ്വാമി ചിദാനന്ദ പുരി. അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരാണ് ദര്‍ശനത്തിന് എത്തുന്നവരില്‍ ഏതാണ്ട് മുഴുവനും. ഇവര്‍ക്ക് ശബരിമലയില്‍നിന്ന് കോവിഡ് പടരാം. അതിനാല്‍ത്തന്നെ, അന്യ സംസ്ഥാനങ്ങളില്‍ കൂടി മഹാവ്യാധി പടര്‍ത്തുന്ന സംസ്ഥാനമായി കേരളം മാറാമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വാമി ചിദാനന്ദ പുരി. ഹൈന്ദവ സംഘടനകള്‍ ആവര്‍ത്തിച്ച് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടതാണ് ശബരിമലയിലെ സാഹചര്യം ഇത്രത്തോളം മോശമാകാന്‍ കാരണം.
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും ഉള്‍പ്പെടെയുള്ള അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. ഹൈന്ദവ സംഘടനകള്‍ കൈക്കൊണ്ട നിലപാടിലേക്ക് സര്‍ക്കാര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് വെളിപ്പെടുന്നത് ഹൈന്ദവ സംഘടനകള്‍ സ്വീകരിച്ച നിലപാടാണ് ശരി എന്നാണല്ലോ. ശബരിമല ക്ഷേത്രം വലിയ ഭൂപരിധി ഉള്ളതാണെങ്കിലും സന്നിധാനം വളരെ ചെറിയ സ്ഥലമാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ശബരിമല തീര്‍ഥാടനം സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈകൊള്ളുന്നത് തീര്‍ഥാടനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വെച്ചുകൊണ്ട് പരമ്പരാഗതമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ പാലിച്ചുള്ള ശബരിമല തീര്‍ഥാടനം സാധ്യമല്ല. പമ്പാ സ്നാനം, പരമ്പരാഗത പാതയിലൂടെയുള്ള യാത്ര എന്നിവ തടഞ്ഞതും നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും പരമ്പരാഗത തീര്‍ഥാടനത്തിന്റെ അവശ്യ ഘടകങ്ങള്‍ ഇല്ലാതാക്കലാണ്. അത്തരം ആചാരങ്ങള്‍ ഇല്ലാതെയുള്ള തീര്‍ഥാടനം ആചാരലംഘനത്തിനു വഴിവെക്കുമെന്ന വസ്തുതകള്‍ പരിഗണിക്കാതെ തീര്‍ഥാടനം അനുവദിച്ച സര്‍ക്കാര്‍ നടപടി വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണ്. കോവിഡ് വ്യാപനം തടയാനായി ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മാറ്റങ്ങള്‍ അനിവാര്യമായിരുന്നു എങ്കില്‍ ആചാരവിരുദ്ധമായ തീര്‍ഥാടനം വേണ്ടെന്നു വെക്കുകയായിരുന്നു ഉചിതം.
ആരാധനാലയങ്ങള്‍ അടച്ചിടണമെന്നല്ല ആവശ്യം. അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മിക്ക ക്ഷേത്രങ്ങളിലും ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ എന്നതിലുപരി ദേവാലയങ്ങളാണ്. അവിടെ ചിട്ടകള്‍ക്കാണ് പ്രാധാന്യം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെയാണ് ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.
എങ്ങനെ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വന്നു എന്നതിന്റെ ചരിത്രം മനസ്സിലാക്കുമ്പോഴേ ക്ഷേത്രങ്ങളില്‍ ഭക്തര്‍ എത്താതിരുന്നാല്‍ എങ്ങനെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയുമെന്ന ചോദ്യത്തിന് ഉത്തരം നല്കാന് കഴിയൂ. ക്ഷേത്രം ക്ഷേത്ര വിശ്വാസികള്‍ക്ക് വിട്ടുകൊടുത്താല്‍ പ്രശ്നം തീരും. പൂട്ടലിനെ അഭിമുഖീകരിക്കുന്നു എന്നു പറയുന്നത് ദേവസ്വം ബോര്‍ഡ് മാത്രമേ ഉള്ളൂ. കമ്മിറ്റികള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ക്കു പ്രശ്നമില്ല. സെക്യൂലര്‍ രാജ്യത്തില്‍ ഒരു മതത്തിന്റെ ആരാധനാലയങ്ങള്‍ മാത്രം സര്‍ക്കാര്‍ നടത്തുന്നതില്‍ എന്തു യുക്തിയാണ് ഉള്ളത്? ഹിന്ദു ആരാധനാലയങ്ങളില്‍ മാത്രം കൈകടത്തുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചിട്ടുണ്ട്. നിയമം മനസ്സിലാക്കാതെയാണ് ദേവസ്വം ബോര്‍ഡ് തലവന്മാരും മറ്റും പ്രവര്‍ത്തിക്കുന്നത്. ഗുരുവായൂര്‍ അമ്പലം മതേതര സ്ഥാപനമാണ് എന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് വാദിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ ഘടനയില്‍ കുഴപ്പങ്ങളുണ്ട്. ക്ഷേത്രഭരണം രാഷ്ട്രീയ മുക്തമാക്കണമെന്ന നിര്‍ദേശങ്ങള്‍ മാനിക്കപ്പെട്ടില്ല. ക്ഷേത്രങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ അധികാരമില്ല.
വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നാണ് ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള നിലപാട് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി അടിച്ചേല്പിക്കുന്ന തീരുമാനങ്ങളില്‍ പലതും ഹൈന്ദവ സമൂഹത്തിന് സ്വീകാര്യമല്ല എന്ന സാഹചര്യത്തിലാണു വിശദീകരണം. ഭക്തജനങ്ങള്‍ക്കു പ്രവേശനം വിലക്കി ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെയും അനുബന്ധ ക്ഷേത്രങ്ങളുടെയും പൂജാദി കര്‍മങ്ങള്‍ ഭംഗം കൂടാതെ നിറവേറ്റുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉടനടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പളളി കൃഷ്ണന് നമ്പൂതിരിപ്പാട്, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.സി. കൃഷ്ണവര്‍മരാജ, കേരള ക്ഷേത്രസംരക്ഷണ സമിതി സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്, സാധുജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി എന്നിവര്‍ പങ്കെടുത്തു.